താൽക്കാലിക വൈകല്യമുള്ള കുട്ടികൾക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കാൻ ഉത്തരവ്. പതിനെട്ട് വയസിനു താഴെയുള്ളവർക്കാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് പ്രകാരം പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചത്. പ്രത്യേക കാലയളവിലേക്കായിരിക്കും പെൻഷൻ നൽകുക.
പതിനെട്ട് വയസിന് താഴെയുള്ള താൽക്കാലിക വൈകല്യമുള്ളവർക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച്് സർക്കാർ ഉത്തരവിറക്കിയത്. ഇവർക്ക് ആരോഗ്യ വകുപ്പിൽ നിന്നും നൽകുന്ന താൽക്കാലിക വൈകല്യ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിക്കാമെന്നാണ് ഉത്തരവ്. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ക്ഷേമ പെൻഷൻ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. നിലവിലുള്ള ഭിന്നശേഷിയിൽ മാറ്റങ്ങൾ ഉണ്ടാകാമെന്ന് മെഡിക്കൽ ബോർഡ് പരിശോധനയിൽ കണ്ടെത്തിയാലും പെൻഷൻ നൽകും. ഒരു പ്രത്യേക കാലയളവ് രേഖപ്പെടുത്തി ഈ കാലയളവിലേക്ക് മാത്രം സാധുതയുള്ള ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കണം. മെഡിക്കൽ ബോർഡിന് മുമ്പാകെ ഭിന്നശേഷി പുന:പരിശോധനയ്ക്ക് ഇവർ വിധേയമാകണം. ഇതിനുശേഷം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ കാലയളവിനു ശേഷവും പെൻഷൻ ലഭിക്കും.
ഏതു തരം ഭിന്നശേഷിക്കാർക്കും അർഹതാ മാനദണ്ഡങ്ങൾക്ക് വിധോയമായി പെൻഷന് അർഹതയുണ്ടായിരിക്കും. സ്ഥിര വൈകല്യം എന്നു രേഖപ്പെടുത്തിയവർക്ക് ഐ.ഡി കാർഡ് ലഭിക്കുകയാണെങ്കിൽ ഭിന്നശേഷി പെൻഷൻ ലഭിക്കും. ഭിന്നശേഷി സർട്ടിഫിക്കറ്റുകളിൽ വൈകല്യത്തിന്റെ കാലാവധി, താൽക്കാലികം അല്ലെങ്കിൽ സ്ഥിരം എന്നിവ സംബന്ധിച്ച് കൃത്യമായ രേഖപ്പെടുത്തലുകളുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കണമെന്നും ധനകാര്യ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.