Kerala

വൈകി വന്ന ഇരുപതോളം കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ചു; സംഭവം എടത്വാ സെന്റ് അലോഷ്യസ് സ്‌കൂളില്‍

ആലപ്പുഴ എടത്വാ സെന്റ് അലോഷ്യസ് സ്‌കൂളില്‍ വൈകി വന്ന കുട്ടികളെ പുറത്താക്കി സ്‌കൂള്‍ ഗേറ്റ് അടച്ചെന്ന് പരാതി. ഇരുപതോളം കുട്ടികളെയാണ് പുറത്തുനിര്‍ത്തിയത്. വൈകി വന്നതിനാലാണ് കുട്ടികളെ പുറത്തുനിര്‍ത്തിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. 

ഒന്‍പതി മണി മുതലാണ് സ്‌കൂളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. 9 മണിക്ക് ശേഷം തന്നെ ഗേറ്റ് അടയ്ക്കുകയായിരുന്നു. 9.30ന് തൊട്ടുമുന്‍പായാണ് കുട്ടികളെത്തിയത്. സ്ഥിരമായി കുട്ടികള്‍ വൈകി വരുന്നത് കൊണ്ടാണ് കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.

സ്‌കൂളിന് തൊട്ടടുത്തായി ഒരു ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്യൂഷന്‍ സെന്ററില്‍ 9.10ഓടെയാണ് ക്ലാസുകള്‍ അവസാനിക്കുന്നത്. ട്യൂഷന്‍ സെന്ററില്‍ പോകുന്ന കുട്ടികള്‍ സ്ഥിരമായി വൈകി വരാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ എത്തിയ ശേഷം വേണ്ട നടപടികള്‍ തീരുമാനിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.