Kerala

പ്രതിരോധ കുത്തിവെപ്പ് നടത്തിയ ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ്: 64 കുട്ടികളും അമ്മമാരും നിരീക്ഷണത്തില്‍

പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്‍ത്ത് സെന്‍ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞുങ്ങളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കിയത്.

എറണാകുളം ചൊവ്വരയില്‍ 64 കുഞ്ഞുങ്ങളും അമ്മമാരും കോവിഡ് നിരീക്ഷണത്തില്‍. പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്‍ത്ത് സെന്‍ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞുങ്ങളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കിയത്.

ആലുവ ശ്രീലമൂല നഗരം പഞ്ചായത്തിലെ ചൊവ്വര ആരോഗ്യ കേന്ദ്രത്തില്‍ നേരത്തെ ഒരു ആരോഗ്യ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്തു. ഇതേ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ നഴ്സിനും ഭര്‍ത്താവിനും രോഗമുണ്ടെന്ന് ഇന്നലെയാണ് കണ്ടെത്തിയത്. മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇതേ പഞ്ചായത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിന് രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയ 64 കുട്ടികളെയും അവരുടെ അമ്മമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. എറണാകുളം ജില്ലയില്‍ ഉറവിടം കണ്ടെത്താത്ത മൂന്ന് പോസിറ്റീവ് കേസുകളാണുള്ളത്.

കണ്ണൂരില്‍ ഒരാഴ്ചക്കിടെ 8 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വന്തം നാടുകളില്‍ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞ ജവാന്‍മാര്‍ക്കാണ് കോവിഡ് ബാധിച്ചത്. നാട്ടിൽ നിന്നെത്തിയ നാൽപ്പതിലധികം ജവാന്മാരും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

അതിനിടെ കോഴിക്കോട് പുതിയാപ്പ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. താനൂരിൽ കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ പുതിയാപ്പ ഹാര്‍ബറില്‍ എത്തിയിരുന്നു. പുതിയാപ്പ ഹാര്‍ബര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തും.