Kerala

കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതൽ ജാഗ്രത പുലർത്തണം; മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ബാലാവകാശ കമ്മീഷൻ

കാസർഗോഡ് അംഗഡിമൊഗറിൽ മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ബാലാവകാശ കമ്മീഷൻ
അംഗം പി.ശ്യാമള പറഞ്ഞു . അപകടം ഒഴിവാക്കാൻ പറ്റുമായിരന്നു. സ്‌കൂൾ പരിസരത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നേരെത്തെ നിർദേശം നൽകിയതാണ്. അന്വേഷണത്തിൽ അനാസ്ഥ കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്ന് പി.ശ്യാമള 24 നോട്‌ പറഞ്ഞു .

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ജില്ലാ കളക്ടർ നിയോഗിച്ച സംഘം ഇന്ന് സ്കൂൾ സന്ദർശിക്കും.ഇന്ന് തന്നെ സംഘം കളക്ടർക്ക് റിപ്പോർട്ട് നൽകും.സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയും അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.

കാസർകോട് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിൻഹ. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. രിഫാന എന്നാണ് പരിക്കേറ്റ കുട്ടിയുടെ പേര്.

വൈകുന്നേരം സ്കൂൾ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികൾ സ്കൂൾ വിട്ട് പടവുകളിറങ്ങി വരുമ്പോൾ കോമ്പൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. ആയിഷത്ത് മിൻഹയും രിഫാനയും കൂട ചൂടി വരുന്നതിനിടയിലാണ് സംഭവം. ആ സമയത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. പുറത്തുനിന്ന് കണ്ടാൽ കേടുപാടുകളൊന്നുമില്ലാത്ത മരമാണ് കടപുഴകി വീണത്. സംഭവത്തിൽ രിഫാനക്ക് പരിക്കേറ്റിട്ടുണ്ട്. രിഫാനയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഈ കുട്ടിയുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.