മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. വിധി നടപ്പിലാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.
മരട് ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെങ്കില്‍ മാപ്പപേക്ഷിക്കുന്നുവെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നും ചീഫ് സെക്രട്ടറി അപേക്ഷിച്ചു.
ഫ്ലാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതി ആഘാത പഠനം നടത്തിയ ഐ.ഐ.ടി റിപ്പോർട്ടിനെ കുറിച്ചും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. വിധി നടപ്പിലാക്കാൻ ബാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അത് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. മരടിലെ ഫ്ളാറ്റില്‍ നിന്നും കുടിയൊഴിപ്പിക്കുന്നതില്‍ നഗരസഭ സ്വീകരിച്ച നടപടികള്‍ക്കെതിരെ താമസക്കാരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ഹരജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
താമസം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസിനെതിരെ ഗോള്‍ഡന്‍ കായലോരം അപാര്‍ട്ട്മെന്‍റിലെ താമസക്കാരനായ എം.കെ പോള്‍ ആണ് ഹരജി നല്‍കിയത്. 2010 മുതല്‍ ഫ്ളാറ്റിലെ താമസക്കാരനാണെന്നും തന്‍റെ സ്വത്തിലും അവകാശങ്ങളിലും ഇടപെടാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു.