India Kerala

‘ആ പൂതി ഇപ്പോള്‍ നടക്കാന്‍ പോകുകയാണ്’

ശിവശങ്കറിന്റെ അറസ്‌റ്റോടെ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്‌റ്റോടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏത് അന്വേഷണവും വരട്ടെയെന്നും ഉപ്പ് തിന്നവന്‍ വെള‌ളം കുടിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു, ഇപ്പോള്‍ ആരാണ് വെള‌ളം കുടിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ‘ശിവശങ്കറിന്റെ അറസ്‌റ്റിനെ കുറിച്ച്‌ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള‌ളത്. അദ്ദേഹത്തിന്റെ ഓഫീസിലുള‌ളവരിലേക്ക് ഈ അന്വേഷണം നീളുമെന്ന് കേള്‍ക്കുന്നു, ശിവശങ്കറിനെ വിവാദ സ്‌ത്രീയുമായി വഴി വിട്ട ബന്ധം ഉണ്ടായപ്പോഴാണ് മാ‌റ്റി നിര്‍ത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞത്.’ ചെന്നിത്തല പറഞ്ഞു.

താന്‍ ആരോപിച്ച ഓരോ ആരോപണവും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് ചെന്നിത്തല വ്യക്തമാക്കി. ഇ-മൊബിലി‌റ്റി പദ്ധതി, ബെവ്കോ പദ്ധതി. പമ്ബാ മണല്‍കടത്ത് തുടങ്ങിയവയെ കുറിച്ച്‌ ആരോപണം ഉന്നയിച്ചപ്പോള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ശിവശങ്കരനെ മാ‌റ്റാന്‍ കത്ത് നല്‍കിയിരുന്നു എന്നിട്ടും മുഖ്യമന്ത്രി മാറ്റിയില്ലെന്ന് ചെന്നിത്തല പറഞ്ഞു.

വിവാദ സ്‌ത്രീയെ തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി തുടക്കം മുതലേ പറഞ്ഞത്. മുഖ്യമന്ത്രിയെ സ്വപ്‌ന സുരേഷ് ആറ് തവണ കണ്ടിട്ടുണ്ട്. കണ്ടതിന്റെ തെളിവ് പുറത്ത്‌ വിടാതിരിക്കാനാണ് ക്ളിഫ്ഹൗസിലെ ക്യാമറ ഇടിവെട്ടി പോയി എന്ന് പറയുന്നത്. എസ്.എസ്.എല്‍സി പാസാകാത്ത സ്വപ്‌നയ്ക്ക് ഐ.ടി വകുപ്പില്‍ നിയമിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞിരുന്നു. പിന്നീട് ശിവശങ്കരന്‍ പറഞ്ഞിട്ടാണ് നിയമനം നടന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്.

തുടക്കംമുതലേ സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കരന്റെ ഇടപെടലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വഴിവിട്ട ഇടപെടലുമുണ്ട്. ഒന്നിലും പങ്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് എങ്ങനെയാണ്? ശിവശങ്കരന്‍ അഞ്ചാം പ്രതിയായതോടെ അടുത്ത അന്വേഷണം പിണറായി വിജയന് നേരെ വരാന്‍ പോകുകയാണ്. പിണറായി വിജയന്‍ കേസില്‍ ഒന്നാം പ്രതിയായി മാറുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.