സാലറി ചലഞ്ചിനോട് വിമുഖത കാണിച്ച കോളേജ് അധ്യാപകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളേജ് അധ്യാപകര്‍ വരുമാനം വര്‍ധിപ്പിക്കേണ്ട കാര്യം മാത്രം ആലോചിച്ചാല്‍ പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എയ്ഡഡ് കോളേജുകളിലെ അധ്യാപകരില്‍ എണ്‍പത് ശതമാനവും സാലറി ചാലഞ്ചിനോട് സഹകരിച്ചിരുന്നില്ല.
ഇടത് ആഭിമുഖ്യമുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടനയായ എ.കെ.പി.സി.ടി.എയുടെ കോഴിക്കോട്ടെ സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘാടകനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ സര്‍വകലാശാലകളെ വര്‍ഗീയവത്കരിക്കാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെ വിമര്‍ശിച്ച് തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകളെ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. സാലറി ചലഞ്ചിന്‍റെ കാര്യം എടുത്തു പറയാതെ അധ്യാപകരുടെ മനോഭാവത്തെ വിമര്‍ശിച്ചപ്പോള്‍ സദസ് നിശബ്ദമായി.