Kerala

ചേര്‍ത്തല-വാളയാര്‍ ദേശീയപാതയില്‍ ലെയ്ന്‍ ട്രാഫിക് നടപ്പാക്കും; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ചേര്‍ത്തല – വാളയാര്‍ ദേശീയപാതയില്‍ ലെയ്ന്‍ ട്രാഫിക് സംവിധാനം നടപ്പാക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. ലെയ്ന്‍ ട്രാഫിക് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ ചേര്‍ന്ന നിയമസഭയുടെ പെറ്റീഷന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

ലെയ്ന്‍ ട്രാഫിക് സംവിധാനം കര്‍ശനമായി പാലിക്കേണ്ടതിന്‍റെ ആവശ്യകത ചെക്പോസ്റ്റുകളിലും ടോള്‍ബൂത്തുകളിലും വെച്ച് ട്രക്ക് ഉള്‍പ്പെടെയുളള ഹെവി വാഹന ഡ്രൈവര്‍മാരെ ബോധ്യപ്പെടുത്താന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാരും നടപടി സ്വീകരിക്കണം. ലെയ്ന്‍ ട്രാഫിക് സംവിധാനത്തിന്‍റെ പ്രായോഗികതയും ആവശ്യകതയും യാത്രക്കാരെയും ഡ്രൈവര്‍മാരെയും ബോധ്യപ്പെടുത്താനായി ക്യാമ്പയിന്‍ ആരംഭിക്കും. ജില്ലാ പൊലീസ് മേധാവിമാര്‍ ഇതിന് മേല്‍നോട്ടം വഹിക്കും.

ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിന്‍റെ യോഗം ഈ മാസം തന്നെ വിളിച്ചുചേര്‍ക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. ട്രാഫിക്കിന്‍റെ ചുമതലയുളള ദക്ഷിണ മേഖലാ, ഉത്തര മേഖലാ എസ്.പിമാര്‍ യോഗങ്ങളില്‍ സംബന്ധിക്കും. ലെയ്ന്‍ ഡ്രൈവിംഗ് ലംഘനങ്ങള്‍ തടയുന്നതിനുളള ജില്ലാതല പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കും.

നിയമം നടപ്പാക്കുന്നതിനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പകരം വീഡിയോ ക്യാമറ, ഡാഷ് ക്യാമറ, ശരീരത്തില്‍ ധരിക്കുന്ന ക്യാമറ എന്നിവ ഉപയോഗിക്കും. നമ്പര്‍പ്ലേറ്റ് തിരിച്ചറിയാനുളള ക്യാമറകള്‍ നിലവിലുളള സ്ഥലങ്ങളില്‍ അവയുടെ സേവനവും വിനിയോഗിക്കും. വാഹന പരിശോധന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ആകാത്ത തരത്തില്‍ വേണമെന്നും നിര്‍ദേശമുണ്ട്.

നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വിഡിയോകളും ശുഭയാത്ര ഹെല്‍പ് ലൈന്‍ ആയ 9747001099 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ആയി അയയ്ക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളില്‍ നിയമനടപടി സ്വീകരിക്കും.

പദ്ധതിയുടെ ഏകോപനച്ചുമതല ക്രമസമാധാന വിഭാഗം എ.ഡി.ജി.പി, ട്രാഫിക് ഐ.ജി എന്നിവര്‍ നിര്‍വ്വഹിക്കും. നിര്‍ദ്ദേശങ്ങളിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും ഡിസംബര്‍ 15 ന് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.