Kerala

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: മേഴ്‍സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് ചെന്നിത്തലയുടെ സത്യഗ്രഹം ഇന്ന്

ആഴക്കടല്‍ മത്സ്യബന്ധന കരാറിൽ ഫിഷറീസ് മന്ത്രി മേഴ്‍സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പൂന്തുറയിൽ സത്യഗ്രഹം നടത്തും. ഇ.എം.സി.സിയുമായുള്ള ധാരണാപത്രത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സത്യഗ്രഹം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സത്യഗ്രഹത്തിന്റെ സമാപനം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അൻവറും ഉദ്ഘാടനം ചെയ്യും.

ഇ.എം.സി.സിയുമായുള്ള രണ്ടാമത്തെ ധാരണപത്രവും റദ്ദാക്കിയതോടെ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. തങ്ങളുന്നയിച്ച ആരോപണങ്ങൾ ശരിയായത് കൊണ്ടാണ് ധാരണാപത്രങ്ങൾ റദ്ദാക്കിയതെന്നാണ് പ്രതിപക്ഷ നിലപാട്.

അതേസമയം സർക്കാർ നയത്തിന് വിരുദ്ധമായ കാര്യങ്ങൾ ബോധ്യപ്പെട്ടതോടെയാണ് ധാരണപത്രം റദ്ദാക്കിയതെന്നാണ് ഇടത് മുന്നണിയുടെ വിശദീകരണം. നയത്തിന് വിരുദ്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.