Kerala

സ്വര്‍ണ്ണക്കടത്ത് കേസ്: കേസെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ചെന്നിത്തല

സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നൽകി

സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങൾ പോലീസ് അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കോവിഡിന്‍റെ മറവിൽ ജനരോഷത്തെ തടഞ്ഞു നിർത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

സ്വർണ്ണക്കടത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യങ്ങളാണ് എൻഐഎ ഇപ്പോൾ അന്വേഷിക്കുന്നത്. എന്നാൽ സ്വർണ്ണക്കടത്തിനായി സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അടക്കമുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിൽ വരണം. അതുകൊണ്ട് തന്നെ എൻഐഎക്ക് പുറമേ സംസ്ഥാന പോലീസും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കയച്ച കത്തിൽ ആവശ്യപ്പെട്ടത്

കേസുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ യുഡിഎഫ് നടത്തിയ സമരത്തെയും ചെന്നിത്തല ന്യായീകരിച്ചു. മുഖ്യമന്ത്രിയുടെ രാജി ഉറപ്പാക്കുംവരെ പ്രക്ഷോഭം തുടരുമെന്നും പ്രതിപക്ഷം നേതാവ് വ്യക്തമാക്കി.