പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും. എം.എൽ.എമാരുമായി ഹൈക്കമാന്റ് നിരീക്ഷകര്‍ പ്രത്യേകം ചര്‍ച്ച നടത്തും. തലമുറമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും പദവിയില്‍ തുടരാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. എ ഗ്രൂപ്പും ഇക്കാര്യത്തില്‍ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വിശ്വാസം. എന്നാല്‍ എം.എല്‍.എമാരുടെ നിലപാട് അറിഞ്ഞ ശേഷം ഹൈക്കമാന്റ് എടുക്കുന്ന നിലപാട് നിര്‍ണായകമാവും. നാളെയെത്തുന്ന ഹൈക്കമാന്റ് നീരീക്ഷകരായ മല്ലികാര്‍ജുന്‍ ഗാര്‍ഖയ്ക്കും വൈദ്യലിങ്കത്തിനും മുന്നില്‍ എം.എല്‍.എമാര്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണായകമാകും. ഐ ഗ്രൂപ്പിനൊപ്പം 12 എം.എല്‍.എമാര്‍. എ ഗ്രൂപ്പിനൊപ്പം 9 പേരും. കണക്കില്‍ മുന്‍തൂക്കമുണ്ടെങ്കിലും വിഡി സതീശന്റെ പേര് ഉയരുന്നത് സ്വന്തം പാളയത്തില്‍ നിന്നാണെന്നത് ചെന്നിത്തലയ്ക്ക് വെല്ലുവിളിയാവും. അതേ സമയം എ ഗ്രൂപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേര് മുന്നോട്ട് വെയ്ക്കമ്പോഴും അതിനായി കടുംപിടുത്തം നടത്തില്ല. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ നിലപാടും ഹൈക്കമാന്റ് മുഖവിലയ്ക്കെടുക്കും. നിരീക്ഷകര്‍ എം.എല്‍.എമാരെ കാണുക ഓരോരുത്തരെയായിട്ടാവും. അവരുടെ മനം അറിഞ്ഞ ശേഷം രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ അഭിപ്രായവും തേടും.
ഘടകകക്ഷികളെ കൂടി മുഖവിലയ്ക്ക് എടുത്താവും ഹൈക്കമാന്റ് തീരുമാനം. തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കമാന്റ് കടുത്ത നിലപാട് എടുത്താല്‍ അതും ചെന്നിത്തലയ്ക്ക് വിനയാവും.