India Kerala

കേരള സർവകലാശാലയുടെയും പി.എസ്.സിയുടേയും വിശ്വാസ്യത സംരക്ഷിക്കണം; പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടു

കേരള സർവകലാശാലയുടെയും പി.എസ്.സിയുടേയും വിശ്വാസ്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടു. യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസ് മോഷണം അന്വേഷിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചത് പ്രഹസനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കെ.എസ്.യുവിന്റെ നിരാഹാര സമരം അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്.

സി.പി.എം അംഗങ്ങള്‍ മാത്രമുള്ള സിൻഡിക്കേറ്റ് ഉപസമിതിയുടെ നിയമനം എസ്.എഫ്.ഐയെ രക്ഷിക്കാനാണ്. പ്രശ്നത്തിൽ സർക്കാരിന് ആത്മാർഥതയില്ലെന്നാണ് ഇത് തെളിയിക്കുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രശ്നത്തിൽ നിയമനാധികാരി എന്ന നിലയിൽ അടിയന്തര ഇടപെടൽ തേടിയാണ് പ്രതിപക്ഷം ഗവർണറെ കണ്ടത്.

സർവകലാശാലാ പ്രശ്നമുന്നയിച്ച് ഇത് രണ്ടാം തവണയാണ് പ്രതിപക്ഷം ഗവർണറെ കണ്ടത്. സെക്രട്ടറിയേറ്റ് നടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് നടത്തുന്ന നിരാഹാര സത്യാഗ്രഹം തുടരുകയാണ്. ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്ന കെ.എസ്.യു വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് തീരുമാനം.