ഐശ്വര്യ കേരളയാത്രയുടെ രണ്ടാം ദിവസം കാസര്‍കോട് ഗസ്റ്റ് ഹൌസിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പ്രതിപക്ഷ നേതാവ് പ്രത്യേകം യോഗം വിളിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ കേട്ട് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്രയുടെ രണ്ടാം ദിവസം കാസര്‍കോട് ഗസ്റ്റ് ഹൌസിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പ്രതിപക്ഷ നേതാവ് പ്രത്യേകം യോഗം വിളിച്ചത്. 2016ല്‍ പിണറായി വിജയന്‍ നവ കേരള യാത്ര ആരംഭിച്ചത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചായിരുന്നു.
ദുരിതബാധിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര നേതാക്കളുമായാണ് കൂടികാഴ്ച നടത്തിയത്. 2016ലെ നവകേരള യാത്ര പിണറായി വിജയന്‍ ആരംഭിച്ചത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നേരില്‍ കണ്ടായിരുന്നു. ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അന്ന് പിണറായി വിജയന്‍ ഉറപ്പും നല്‍കിയിരുന്നെങ്കിലും തങ്ങളുടെ അവകാശങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി സമരങ്ങള്‍ നടത്തേണ്ടി വന്നതായി പീഡിത ജനകീയ മുന്നണി നേതാക്കള്‍ പറഞ്ഞു. ദുരിതബാധിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമര നേതാക്കള്‍ രമേശ് ചെന്നിത്തലയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ഗൌരവത്തോടെ കാണുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഐശ്വര്യ കേരള യാത്രയിലുടനീളം എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള സാമൂഹ്യ പ്രശ്നങ്ങള്‍ കൂടി ഉയര്‍ത്തിക്കാട്ടാനാണ് തീരുമാനം. ഇരകളാക്കപ്പെട്ടവരുടെ പിന്തുണ കൂടി ഇതിലൂടെ ഉറപ്പാക്കാനാവുമെന്നാണ് യുഡിഎഫിന്‍റെ കണക്ക് കൂട്ടല്‍.
അതിനിടെ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. കാസര്‍കോഡ് ജില്ലയില്‍ നിന്നും ഇന്നലെ ഉച്ചയോടെയാണ് യാത്ര കണ്ണൂരിലെത്തിയത്. ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ യു.ഡി.എഫ് ജില്ലാ നേതാക്കള്‍ യാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് പയ്യന്നൂര്‍, കല്യാശേരി, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തിയ യാത്ര രാത്രി കണ്ണൂരില്‍ സമാപിച്ചു. ഇന്ന് രാവിലെ ധര്‍മ്മടത്ത് നിന്നും പ്രയാണം തുടങ്ങുന്ന യാത്ര വൈകിട്ട് തളിപ്പറമ്പില്‍ സമാപിക്കും. രാവിലെ ജില്ലയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് വിവിധ മേഖലകളിലെ വിദഗ്ധരുമായി ചെന്നിത്തല ചര്‍ച്ച നടത്തും. നാളെ വയനാട് ജില്ലയിലാണ് ഐശ്വര്യകേരള യാത്രയുടെ പര്യടനം.