Kerala

ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

ഐ ഫോണ്‍ വിവാദത്തില്‍ രമേശ് ചെന്നിത്തലക്ക് എതിരായ ആരോപണത്തില്‍ നിന്ന് ഭരണ പക്ഷം പിന്‍മാറാന്‍ ശ്രമിക്കുന്നതിടെയാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്‍റെ നീക്കം. സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോ ണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ആവശ്യം.

ഇപ്പോള്‍ ഫോണ്‍ കൈവശമുള്ളവരെ പറ്റിയുള്ള സൂചനകളുടെ ബലത്തിലാണ് ഈ നീക്കമെന്നും അഭ്യൂഹമുണ്ട്. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹരജിയിലായിരുന്ന സ്വപ്നയ്ക്ക് വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചതായി ആരോപിച്ചിരുന്നത്. വിവരം പുറത്ത് വന്നതിന് പിന്നാലെ സി.പി.എം യുവനേതാക്കളടക്കം പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായി. എന്നാല്‍ ഐ ഫോണ്‍ വിവാദം പ്രചാരണത്തിന് ഉപയോഗിക്കേണ്ടതില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട്.

പക്ഷേ വിവാദത്തില്‍ വിട്ടു കൊടുക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായിരുന്നില്ല. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കി. മാത്രമല്ല ഫോണ്‍ ഉപയോഗിക്കുന്നത് ആരെന്ന് കൂടി കണ്ടെത്തണമെന്ന ആവശ്യം കൂടി ഉയര്‍ത്തി.

ഇത് ഭരണപക്ഷത്തേയും അമ്പരിപ്പിച്ചു, യുഎഇ കോണ്‍സലേറ്റില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെ വിജയിച്ചവര്‍ക്കുള്ള സമ്മാനം താന്‍ വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. എന്നാല്‍ സി.പി.എം ഇത് രാഷ്ട്രീയ ആയുധമാക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ നീക്കം. സ്വാഭാവികമായും തനിക്ക് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്താനുള്ള നിര്‍ദേശം ഡി.ജി.പിക്ക് നല്‍കേണ്ടി വരും. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഐഎംഇഐ നമ്പര്‍ വെച്ച് പരിശോധന നടത്തിയാല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കും.