എൽ.ഡി.എഫ് സർക്കാർ കേരളത്തിലെ മത്സ്യമേഖല അമേരിക്കൻ കമ്പനിക്ക് തീറെഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി കമ്പനിയുമായുള്ള 5000 കോടി രൂപയുടെ കരാറിൽ വൻ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് അനുവദിച്ചാൽ കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനി കൊള്ളയടിക്കും. കരാർ ഒപ്പുവെക്കുന്നതിന് മുമ്പ് എൽ.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ല. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് ഗൂഢാലോചനക്ക് നേതൃത്വം നൽകിയതെന്നും ചെന്നിത്തല ആരോപിച്ചു.
പദ്ധതി ആസൂത്രണം ചെയ്ത ശേഷം ഫിഷറീസ് നയത്തിൽ മാറ്റം വരുത്തിയത് ദുരൂഹമാണ്. ന്യൂയോർക്കിൽ വെച്ചാണ് മേഴ്‌സിക്കുട്ടിയമ്മ കമ്പനി അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്. പദ്ധതിയിൽ താൽപര്യ പത്രവും ഗ്ലോബൽ ടെൻഡറും ക്ഷണിച്ചിട്ടില്ല. മത്സ്യതൊഴിലാളികളെ പട്ടിണിക്കിടുന്ന നീക്കമാണിത്. മൂന്ന് വർഷം കൊണ്ട് മത്സ്യ സമ്പത്ത് ഒന്നാകെ നശിക്കും. ആരെ സഹായിക്കാനാണ് സർക്കാർ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കറാർ കേരളത്തിലെ മത്സ്യതൊഴിലാളികളെ അമേരിക്കൻ കമ്പനിയുടെ കൂലിത്തൊഴിലാളികളാക്കും. 400 ട്രോളറുകളും 3 മദർഷിപ്പുമാണ് കമ്പനി ഇറക്കുക. സർക്കാർ ഈ പദ്ധതി ഉപേക്ഷിക്കണമെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.