അക്കാര്യം തെരഞ്ഞെടുപ്പില്‍ പിണാറായി വിജയന്‍ മനസിലാകുമെന്ന് കെ. മുരളീധരനും പറഞ്ഞു
സാങ്കേതികമായി പരാജയപ്പെട്ടെങ്കിലും സര്‍ക്കാരിനെതിരെ ജനങ്ങള്‍ അവിശ്വാസം പാസാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അക്കാര്യം തെരഞ്ഞെടുപ്പില്‍ പിണാറായി വിജയന്‍ മനസിലാകുമെന്ന് കെ. മുരളീധരനും പറഞ്ഞു. സ്പീക്കര്‍ പക്ഷപാതം കാണിച്ചെന്ന് രമേശ് ചെന്നിത്തലും മുഖ്യമന്ത്രിയുടെ ഉച്ചഭാഷണിയായെന്ന് എം.കെ മുനീറും പറഞ്ഞു. പ്രതിപക്ഷ വിമര്‍ശത്തെ സ്പീക്കര്‍ തള്ളി.
പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്താന്‍ ഭരണപക്ഷത്തിന് കഴിഞ്ഞെങ്കിലും വിജയം സാങ്കേതികം മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം. ആരോപണങ്ങളില്‍ ഒന്നിനു പോലും മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും പ്രതിപക്ഷം പറയുന്നു.
സ്പീക്കറെയും പ്രതിപക്ഷം വെറുതെ വിടുന്നില്ല. മുഖ്യമന്ത്രിയുടെ മാരത്തോണ്‍ പ്രസംഗത്തില്‍ ഇടപെടാതിരുന്ന സ്പീക്കര്‍ പ്രതിപക്ഷനേതാവാടക്കം പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രസംഗങ്ങളെ സ്പീക്കര്‍ കര്‍ശനമായി നിയന്ത്രിച്ചെന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. എന്നാല്‍ എല്ലാവര്‍ക്കും തുല്യ സമയം അനുവദിച്ചെന്നാണ് സ്പീക്കര്‍ പറയുന്നത്. അവിശ്വാസ പ്രമേയം കഴിഞ്ഞെങ്കിലും അതിന്‍റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല.