India Kerala

പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ പട്ടികയിലും മുഖ്യമന്ത്രി കള്ളക്കളി നടത്തുകയാണെന്ന് ചെന്നിത്തല

പൌരത്വനിയമ ഭേദഗതിയിലും ദേശീയ പൌരത്വ പട്ടികയിലും മുഖ്യമന്ത്രി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൌരത്വ നിയമഭേദഗതിക്കെതിരെ പുറത്ത് പറയുകയും അകത്ത് നടപ്പാക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അമിത് ഷാക്ക് മുന്നിൽ നല്ലപിള്ള ചമയാനാണ് പിണറായി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.സെൻസസിനൊപ്പം എന്‍.പി.ആര്‍ നടപ്പാക്കാൻ സംസ്ഥാനം നവംബറില്‍ ഇറക്കിയ ഉത്തരവ് ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പ് നടപടികളെ സര്‍ക്കാ‍ര്‍ കുളമാക്കിയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വോട്ടേഴ്സ് ലിസ്റ്റ് സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നു. അധികാരമില്ലാതെ വാര്‍ഡ് വിഭജനവുമായി മുന്നോട്ടുപോയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 2015 ലെ വോട്ടേഴ്സ് ലിസ്റ്റുമായി മുന്നോട്ടുപോകുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പൌരത്വ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും എന്‍.പി.ആര്‍ നടപ്പാക്കണമെന്ന ആദ്യ ഉത്തരവ് ഇതുവരെ പിന്‍വലിച്ചില്ല. നവംബറില്‍ ഇറങ്ങിയ ഈ ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് എന്‍.പി.ആര്‍ നടപടികള്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുന്നത്. ഉത്തരവ് റദ്ദാക്കാതെ മുഖ്യമന്ത്രി കള്ളക്കളി കളിക്കുയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള നടപടികള്‍ തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശം ഉന്നയിച്ചതോടെയാണ് ഡിസംബര്‍ 20 ന് എന്‍.പി.ആര്‍ നിര്‍ത്തിവെച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. ആഗസ്റ്റ് 21 ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനമാണ് ഇതിലൂടെ മരവിപ്പിച്ചത്. എന്നാല്‍ സെന്‍സസിനൊപ്പം എന്‍.പി.ആര്‍ പുതുക്കല്‍ കൂടി നടപ്പാക്കണമെന്ന് നവംബര്‍ 12 ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിട്ടുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്

എന്‍.പി.ആര്‍ നിര്‍ത്തിവെച്ച് കൊണ്ടുള്ള ഉത്തരവില്‍ ഈ ഉത്തരവ് റദ്ദാക്കിയിട്ടില്ല. എന്‍.പി.ആര്‍ നടപടികളുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോകുന്നതിന് കാരണം ഈ ഉത്തരവ് നിലനില്‍ക്കുന്നതാണ്. എന്‍.പി.ആറിലെ സര്‍ക്കാരിന്റെ കള്ളക്കളിയായിട്ടാണ് പ്രതിപക്ഷം ഈ നടപടികളെ നോക്കിക്കാണുന്നത്. ഈ ഉത്തരവ് റദ്ദാക്കാതെ സെന്‍സസുമായി മുന്നോട്ടു പോകരുതെന്നാണ് പ്രതിപക്ഷ ആവശ്യം.