Kerala

11 വര്‍ഷമായിട്ടും പട്ടയമില്ല; ചെങ്ങറ വീണ്ടും സമര മുഖത്തേക്ക്

പത്തനംതിട്ട ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത ഒരു വിഭാഗം പേര്‍ വീണ്ടും സമരം ആരംഭിച്ചു. സര്‍ക്കാരുമായി ഒത്തു തീര്‍പ്പിനു വഴങ്ങി 11 വര്‍ഷം പിന്നിട്ടിട്ടും പട്ടയം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സമരം. പത്തനംതിട്ട കലക്ട്രേറ്റിന് മുന്നിലാരംഭിച്ച സമരം സാമൂഹ്യ സംഘടനയായ ബോധിയുടെ ചെയര്‍മാന്‍ കരകുളം സത്യകുമാര്‍ ഉദ്ഘാടനം ചെയ്തു.

പട്ടയം ലഭിച്ച മുഴുവന്‍ ആളുകള്‍ക്കും വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി അനുവദിക്കുക, ആദിവാസി-ദലിത് സമൂഹത്തോടുള്ള അവഗണ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് ചെങ്ങറ സമരത്തില്‍ പങ്കെടുത്ത ഒരു വിഭാഗം പേര്‍ വീണ്ടും സമരം ആരംഭിച്ചത്. പത്തനംതിട്ട ബസ് സ്റ്റാന്‍റിനു സമീപത്ത് നിന്നും പ്രകടനമായെത്തിയ സമരക്കാര്‍ കലക്ട്രേറ്റിന് മുന്നിലാണ് പ്രതിഷേധ യോഗം ചേര്‍ന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സൂചനാ സമരം ബോധി ചെയര്‍മാന്‍ കരകുളം സത്യകുമാര്‍ ഉദ്ഘാടനം ചെയ്തു.

സമരത്തില്‍ നിന്ന് പിന്മാറി ഒത്തു തീര്‍പ്പിന് വഴങ്ങിയ 1495 കുടുംബങ്ങള്‍ക്ക് 2009 ല്‍ വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എസ്.ടി വിഭാഗത്തിന് ഒരേക്കറും എസ്.സി വിഭാഗത്തിന് 50 സെന്‍റും വീതം ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖാപിച്ചിരുന്നെങ്കിലും ഇതുവരെ 588 പേര്‍ക്ക് മാത്രമാണ് പട്ടയം ലഭിച്ചതെന്നാണ് സമരക്കാര്‍ പറയുന്നത്.

അതേ സമയം വിവിധ ജില്ലകളിലായി പട്ടയം ലഭിച്ചെങ്കിലും സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ പലതും വാസയോഗ്യമല്ലെന്നും ഇവര്‍ പറയുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സൂചന സമരത്തെ തുടര്‍ന്ന് അനുകൂല തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. സാധുജന വിമോചന വേദി സംസ്ഥാന കണ്‍വീനര്‍ കെ.എ രോഹിണി അധ്യക്ഷയായ പ്രതിഷേധ യോഗത്തില്‍ സമരസമിതി പ്രവര്‍ത്തകരായ ഗോപാലാന്‍ ഇരവി പേരൂര്‍, പി പി നാരയണന്‍, വിലാസിനി എം.എ തുടങ്ങിയവര്‍ സംസാരിച്ചു.