India Kerala

കാൻസർ ഇല്ലാത്ത യുവതിക്ക് കീമോ: പതോളജി ലാബ് റിപ്പോർട്ട് പുറത്ത്

കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ ഇല്ലാത്ത യുവതിയെ കീമോ തെറാപ്പിക്ക് വിധേയമാക്കിയ സംഭവത്തിൽ യുവതിക്ക് കാൻസർ ഇല്ലെന്ന് വ്യക്തമാക്കി പതോളജി ലാബിലെ അന്തിമ റിപ്പോർട്ട്. റിപ്പോർട്ട് നൽകുന്നത് വൈകിപ്പിക്കാൻ ശ്രമം നടന്നതായി രജനി ആരോപിച്ചു.

ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത മുഴയുടെ സാമ്പിൾ പരിശോധനയിലാണ് കാൻസർ ഇല്ലെന്ന റിപ്പോർട്ട് ലഭിച്ചത്. നേരത്തെ ആര്‍.സി.സിയിൽ നടത്തിയ പരിശോധനയിലും മെഡിക്കൽ കോളജ് ലാബിൽ ആദ്യം നടത്തിയ പരിശോധനയിലും ലഭിച്ച ഫലങ്ങൾ ശരിവെക്കുന്നതാണ് അന്തിമ റിപ്പോർട്ട്. പതോളജി ലാബിന്റെ ചുമതലയുള്ള ഡോക്ടറുമായി സംസാരിച്ചപ്പോൾ ഇക്കാര്യം വ്യക്തമാക്കിയെന്ന് രജനി പറഞ്ഞു. പതോളജി ലാബിൽ നിന്നും ലഭിച്ച അന്തിമ റിപ്പോർട്ടിൽ ആശ്വസിക്കുമ്പോഴും ആശങ്ക ബാക്കിയാണ്.

നേരത്തെ കോട്ടയം ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഡൈനോവ എന്ന സ്വകാര്യ ലാബിന്റെ പരിശോധനാ ഫലത്തിൽ കാൻസറുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മാവേലിക്കര കുടശനാട് സ്വദേശിയായ രജനിയെ കീമോ തെറാപ്പിക്ക് വിധേയയാക്കിയത്. ലാബിന്റെ ഭാഗത്തു നിന്നുമാണ് വീഴ്ചയുണ്ടായതെന്നും ഡോക്ടർമാർക്ക് പിഴവ് പറ്റിയിട്ടില്ലെന്നുമുള്ള നിലപാടിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് മെഡിക്കൽ കോളജ് അധികൃതർ.