HEAD LINES Kerala

‘സംരക്ഷണാവകാശം ഏറ്റെടുത്തവരുടെ ലക്ഷ്യം പണപ്പിരിവ്’; ഉമ്മയുടേയും വാപ്പയുടേയും മരണശേഷം അനാഥയായ തന്റെ കാര്യങ്ങൾ നോക്കുന്നില്ലെന്ന് നശ്വ നൗഷാദ്

ഗുരുതര ആരോപണവുമായി അന്തരിച്ച ഷെഫ് നൗഷാദിന്റെ മകൾ. സംരക്ഷണാവകാശം ഏറ്റെടുത്തവരുടെ ലക്ഷ്യം പണപ്പിരിവെന്ന് മകൾ ട്വന്റിഫോറിനോട് പറഞ്ഞു.

സംരക്ഷണ ചുമതല കോടതി നൽകിയ അമ്മാവനും കുടുംബവും തന്നെ പലയിടങ്ങളിലും കൊണ്ടുപോയി പണം പിരിച്ചു. നൗഷാദിന്റെ സ്ഥാപനങ്ങളിൽ നിന്ന് ലാഭം കൊയ്യാനാണ് മാതൃ സഹോദരന്റെയും കുടുംബത്തിന്റെയും ശ്രമം. മകളായ തനിക്ക് ഒരു പരിഗണനയും ഇല്ലെന്നും മകൾ പറഞ്ഞു. കോടതിയിൽ നിന്ന് സംരക്ഷണാവകാശം മാതൃ സഹോദരൻ ഏറ്റെടുത്തെങ്കിലും നൗഷാദിന്റെ മകൾ ഇപ്പോൾ ഉള്ളത് മറ്റൊരു ബന്ധുവിനോടൊപ്പമാണ്.

കഴിഞ്ഞ ദിവസം നൗഷാദിന്റെ മകൾ ഫേസ്ബുക്കിലും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ‘തന്റെ ഉമ്മയുടെയും, വാപ്പയുടെയും മരണ ശേഷം തന്റെ അറിവോ, ഇഷ്ടമോ ഒന്നും തിരക്കാതെ തന്റെ മാതൃസഹോദരനായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈന്റെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബുസിനെസ്സും കയ്യടക്കി വെച്ചിരിക്കുകയാണെന്നായിരുന്നു നശ്വയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ തന്റെ ചെറിയ ആവിശ്യങ്ങൾ പോലും നിറവേറുന്നില്ലെന്നാണ് നശ്വയുടെ പരാതി. കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച് സ്വതം കുട്ടികളുടെ സ്‌കൂൾ ചെലവുകൾ നടത്തുമ്പോഴും തന്നെ സൗജന്യമായി പഠിപ്പിക്കണമെന്ന് പറഞ്ഞ് സ്‌കൂളിൽ കയറി ഇറങ്ങുകയാണെന്നും നശ്വ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.