Kerala

കളർകോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കും, വാഹന പരിശോധനകൾ തുടരും ; മന്ത്രി ആന്റണി രാജു

ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസ്സുകളുടെ യൂണിഫോം കളർ കോഡില്‍ തീരുമാനം നടപ്പാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. ഫിറ്റ്നസ് സമയത്തിനകം മാറ്റുകയെന്ന ഉദാരമായ സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചത്. (checking on tourist bus will continue- antony raju)

വാഹന പരിശോധന താത്ക്കാലികമായിരിക്കില്ല, കർശനമായ തുടർച്ചയായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.വാഹനങ്ങൾ നിയമം ലംഘിച്ചാൽ പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് കൂടി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യൂണിഫോം കളർകോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കുമെന്നും സമയം നീട്ടി ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.യൂണിഫോം കളർ കോഡില്ലാത്ത വാഹനങ്ങൾ റോഡിലിറക്കരുതെന്ന ഹൈക്കോടതി ഉത്തരവിനനുസരിച്ചാണ് സർക്കാർ തീരുമാനം.

എന്നാൽ നിയമലംഘനം നടത്തിയ രണ്ട് ടൂറിസ്റ്റ് ബസ്സുകളുടെ യാത്ര മോട്ടോർവാഹന വകുപ്പ് തടഞ്ഞു. മലപ്പുറം ചങ്ങരംകുളത്തു നിന്നും പൊന്നാനിയിൽ നിന്നും വന്ന ബസ്സുകളാണ് പാലക്കാട് എടത്തറയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്.