പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ അന്തരിച്ചു. പ്രശസ്ത പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ (89) അന്തരിച്ചു. തൃശൂരിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തൃശൂരുകാരുടെ ഓര്മകളില് ചാത്തുണ്ണി ആശാനില്ലാത്ത പുലികള വിരളമാണ്. പതിനാറാം വയസ് മുതലാണ് ചാത്തുണ്ണി പുലിവേഷം കെട്ടിത്തുടങ്ങിയത്. പിന്നീടങ്ങോട്ട് എല്ലാ പുലികളിയിലും ചാത്തുണ്ണി ആശാന് സജീവ സാന്നിധ്യമായി.
കുടവയറുള്ള പുലികള് ആടിത്തിമിര്ക്കുമ്പോള് കുടവയറില്ലാതെയാണ് ചാത്തുണ്ണി കാണികളുടെ ആവേശമായത്. നിര്‍മാണ തൊഴിലാളിയായിരുന്ന ചാത്തുണ്ണി ആ പണി നിര്‍ത്തിയിട്ടും പുലിക്കളി നിര്‍ത്തിയിരുന്നില്ല. പല ദേശങ്ങള്‍ക്ക് വേണ്ടി ചാത്തുണ്ണി പുലി വേഷമണിഞ്ഞിട്ടുണ്ട്. 2017ല് സ്വന്തം ദേശമായ അയ്യന്തോളില്‍ നിന്നും പുലിക്കളി സംഘമുണ്ടായി. ചാത്തുണ്ണി അതിന്റെ ആശാനുമായി. നാലോണ നാളില്‍ സ്വരാജ് റൌണ്ടിലേക്ക് പുലികളിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും തിരയുന്നത് ചാത്തുണ്ണിയുടെ ചുവടുകളെയായിരുന്നു. ഇനി ചുവടുകളുടെ മുഖവും ഓര്മകളില് മറയുകയാണ്.