Kerala

ചാറ്റ് ജിപിടിക്ക് അടിതെറ്റി; ഇന്ത്യൻ സിവിൽ സർവീസ് എക്സാമിൽ പരാജയം

ഇന്ത്യയുടെ ഏറ്റവും വലിയ മത്സര പരീക്ഷയായ യു‌പി‌എസ്‌സിയുടെ സിവിൽ സർവീസ് പരീക്ഷയിൽ ചാറ്റ് ജിപിടി പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ. ബംഗളൂരു ആസ്ഥാനമായുള്ള അനലിറ്റിക്സ് ഇന്ത്യ മാഗസിൻ നടത്തിയ പരീക്ഷണത്തിലാണ് ചാറ്റ് ജിപിടിയുടെ തോൽവി. 2022 ലെ ഇന്ത്യൻ സിവിൽ സർവീസ് എക്സാമിന്റെ പ്രിലിമിനറി ചോദ്യ പേപ്പർ ഉപയോഗിച്ചായിരുന്നു പരീക്ഷണം.

കഠിനമായ പരീക്ഷകളും അഭിമുഖങ്ങളും മറികടക്കാനുള്ള ചാറ്റ് ജിപിടിയുടെ കഴിവിനെ ഗവേഷണം ചെയ്യുകയായിരുന്നു അനലിറ്റിക്സ് ഇന്ത്യ മാഗസിൻ. തുടർന്ന്, മുൻ സിവിൽ സർവീസ് ചോദ്യ പേപ്പറിൽ നിന്ന് നൽകിയ 100 ചോദ്യങ്ങൾക്ക് 54 എന്നതിൽ മാത്രമേ ചാറ്റ് ജിപിടിക്ക് ശരിയുത്തരം നല്കാൻ സാധിച്ചുള്ളൂ. 2021 സെപ്റ്റംബർ വരെയുള്ള വിവരങ്ങൾ മാത്രമേ ചാറ്റ് ജിപിടിക്ക് ലഭ്യമാകുകയുള്ളു എന്ന് വസ്തുത നിലനിൽക്കുന്നുണ്ട്. സമകാലികമായ ചോദ്യങ്ങൾക്ക് ചാറ്റ് ജിപിടിക്ക് ഉത്തരം നൽകാൻ സാധിക്കില്ല. എങ്കിൽ പോലും, അങ്ങനെയല്ലാത്ത സാമ്പത്തികം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പോലും ചാറ്റ് ജിപിടി നൽകിയത് തെറ്റായ ഉത്തരങ്ങളായിരുന്നു.

യുപിഎസ്‌സിയുടെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ വിജയിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ,യുപിഎസ്‌സി പ്രിലിമിനറി പരീക്ഷ വിജയിക്കുന്നതിന് അറിവ് മാത്രമല്ല, വിമർശനാത്മക ചിന്താശേഷിയും പ്രയോജക ബുദ്ധിയും സമയ നിഷ്ഠതയും വേണമെന്നും ചാറ്റ് ജിപിടി മറുപടി നൽകി. ഒപ്പം, പ്രിലിമിനറി പരീക്ഷ പാസാകുമോ ഇല്ലയോ എന്നതിന് കൃത്യമായ ഉത്തരം നൽകാൻ കഴിയില്ല എന്നും കൂട്ടിച്ചേർത്തു.

ചാറ്റ് ജിപിടി പരാജയപ്പെടുന്ന ആദ്യ ഇന്ത്യൻ പരീക്ഷയല്ല സിവിൽ സർവീസ്. അടുത്തിടെ, ഐഐടി -എൻഐടി പ്രവേശന പരീക്ഷയായ ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) യിൽ പരാജയം നേരിട്ടിട്ടുണ്ട്.