Kerala

വരാപ്പുഴ കസ്റ്റഡി മരണം; കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും

വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ കുറ്റപത്രം നാളെ സമർപ്പിച്ചേക്കും. മുൻ ആലുവ റൂറൽ എസ്.പി എ.വി ജോർജ്ജിനെ കേസിൽ സാക്ഷിയാക്കും. ക്രൈംബ്രാഞ്ച് കുറ്റപത്രം പറവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുക.

വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ ശ്രീജിത്ത് അടക്കം 10 പേരെ 2018 ഏപ്രില്‍ 6 നാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് ഗുരുതരമായ പരിക്കുകളോടെ മരണമടഞ്ഞുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എറണാകുളം റൂറല്‍ എസ്.പി എ.വി ജോർജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായ 9 പേരെയാണ് പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗൂഢാലോചനയില്‍ എസ്. പിയും പങ്കാളിയാണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.

എന്നാല്‍ പിന്നീട് എസ്.പിയെ വകുപ്പ് തല നടപടിയില്‍ നിന്ന് ഒഴിവാക്കുകയും തുടര്‍ന്ന് കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റ പത്രത്തില്‍ എ.വി ജോര്‍ജിനെ സാക്ഷിയാക്കും , ‘ ടൈഗർ ഫോഴ്സ് രൂപീകരിക്കാൻ എസ്.പിമാർക്ക് അധികാരം നൽകുന്ന സർക്കാർ ഉത്തരവാണ് എസ്.പിക്ക് തുണയായത്. 9 പ്രതികളാണ് ക്രൈംബ്രാഞ്ചിന്റെ പ്രതി പട്ടികയിൽ ഉള്ളത്.