India Kerala

ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരായില്ല

മാധ്യമ പ്രവർത്തകൻ കെ. എം ബഷീറിന്റെ അപകട മരണം സംബന്ധിച്ച കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവർ ഇന്ന് കോടതിയിൽ ഹാജരായില്ല. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഇരുവരുടെയും അഭിഭാഷകർ അവധി അപേക്ഷ നൽകി. വ്യക്തിപരമായ അസൗകര്യം മൂലമാണ് ഇരുവരും ഹാജരാകാത്തത്‌ എന്നാണ് അഭിഭാഷകർ നൽകിയ വിശദീകരണം. കേസ് ഏപ്രിൽ പതിനാറിന് വീണ്ടും പരിഗണിക്കും.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് ഉൾപ്പടെയുള്ള കുറ്റങ്ങൾ ആണ് ശ്രീരാമിന് എതിരെ ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയും ശ്രീരാമിന്റെ സുഹൃത്തും ആയ വഫ വിദേശത്ത് ആണ്. ഈ മാസം ഒന്നിനാണ് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകിയത്. വിചാരണ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ആണ് നടക്കേണ്ടത്. അതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കേസ് വിചാരണ നടപടികൾക്ക് ആയി സെഷൻസ് കോടതിക്ക് കൈമാറും.

ഇരുവരും നേരിട്ട് ഹാജരാകണമെന്നായിരുന്നു തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് അന്തിമ കുറ്റപത്രത്തില്‍ പറയുന്നത്.

മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിനും, വാഹനമിടിച്ച് അപകടം ഉണ്ടാക്കിയതിനും, തെളിവ് നശിപ്പിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മിതമായി മദ്യപിച്ചിരുന്ന ശ്രീറാമിനെ അമിതവേഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നതിന് പ്രേരിപ്പിച്ചെന്നതാണ് വഫയ്ക്കെതിരായ കുറ്റം.

തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രീറാം ശ്രമിച്ചിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കിട്ടുള്ളത്. കാര്യമായ പരിക്കില്ലാതെയിരുന്നിട്ടും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ വാങ്ങിയതിന് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽവെച്ച് മദ്യത്തിന്റെ അംശം കുറയുന്നത് വരെ രക്തം എടുക്കാൻ അനുവദിക്കാതെ തെളിവ് നശിപ്പിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് പുലർച്ചെ മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫിസിന് മുന്നിൽ വെച്ചാണ് കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടത്. തുടർന്ന് അറസ്റ്റിലായ ശ്രീറാം ഇപ്പോഴും സസ്പെന്‍ഷനിലാണ്.