India Kerala

കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്

മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. ഇരുവരും നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകിയിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് അന്തിമ കുറ്റപത്രത്തില്‍ പറയുന്നത്.

മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിനും, വാഹനമിടിച്ച് അപകടം ഉണ്ടാക്കിയതിനും, തെളിവ് നശിപ്പിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മിതമായി മദ്യപിച്ചിരുന്ന ശ്രീറാമിനെ അമിതവേഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നതിന് പ്രേരിപ്പിച്ചെന്നതാണ് വഫയ്ക്കെതിരായ കുറ്റം. ഇരുവരും ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രീറാം ശ്രമിച്ചിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കിട്ടുള്ളത്. കാര്യമായ പരിക്കില്ലാതെയിരുന്നിട്ടും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ വാങ്ങിയതിന് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽവെച്ച് മദ്യത്തിന്റെ അംശം കുറയുന്നത് വരെ രക്തം എടുക്കാൻ അനുവദിക്കാതെ തെളിവ് നശിപ്പിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് പുലർച്ചെ മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫിസിന് മുന്നിൽ വെച്ചാണ് കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടത്. തുടർന്ന് അറസ്റ്റിലായ ശ്രീറാം ഇപ്പോഴും സസ്പെന്‍ഷനിലാണ്.