India Kerala

പി.ജയരാജനും ടി.വി രാജേഷിനുമെതിരായ കുറ്റപത്രം

പി.ജയരാജനും ടി.വി രാജേഷിനുമെതിരായ സി.ബി.ഐ കുറ്റപത്രത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. സർക്കാരുമായി ബന്ധപ്പെടാത്ത വിഷയമായത് കൊണ്ടാണ് നോട്ടീസ് പരിഗണിക്കാനാകാത്തതെന്ന് സ്പീക്കര്‍ നിലപാടെടുത്തു. സമാനമായ വിഷയങ്ങൾ നേരത്തെയും സഭ പരിഗണിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എൽ.എക്കുമെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോസഫാണ് നോട്ടീസ് നൽകിയത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെന്നും സർക്കാരുമായി ബന്ധപ്പെടാത്ത കാര്യമായത് കൊണ്ട് അടിയന്തര പ്രമേയം അനുവദിക്കാൻ കഴിയില്ലെന്നും സ്പീക്കർ ആദ്യം തന്നെ വ്യക്തമാക്കി.

സർക്കാരുമായി ബന്ധപ്പെടാത്ത വിഷയം നേരത്തെയും സഭ പരിഗണിച്ചിട്ടുണ്ടെന്നും സഭാംഗമായ ഒരാൾക്കെതിരെ കൊലക്കുറ്റത്തിന് കുറ്റപത്രം സമർപ്പിച്ച വിഷയം ഉന്നയിക്കാൻ സമ്മതിക്കാത്തത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കർ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കവർന്നെടുത്തുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എന്നാൽ അടിയന്തര പ്രമേയമായി വിഷയം പരിഗണിക്കാൻ കഴിയില്ലെന്നും ആദ്യ സബ്മിഷൻ അനുവദിക്കാമെന്നും സ്പീക്കർ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം അത് അംഗീകരിച്ചില്ല. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ബഹളം തുടർന്നതോടെ നടപടികൾ വേഗത്തിലാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.