Kerala

ഡി.സി.സി. പ്രസിഡന്റാകാൻ ശ്രമം നടത്തിയിട്ടില്ല; നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ

സംസ്ഥാനനേതൃമാറ്റവും ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനവുമടക്കം കോൺഗ്രസിനുള്ളിലെ പുതിയ പൊട്ടിത്തെറികളിൽ നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്. ഡി.സി.സി പ്രസിഡന്റാകാൻ താൻ ശ്രമം നടത്തിയിട്ടില്ലെന്നാണ് ചാണ്ടി ഉമ്മാന്റെ വാദം. മാത്രമല്ല ആർക്കും പദവി വാങ്ങി കൊടുക്കാൻ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക് ലിവിലൂടെയാണ് ചാണ്ടി ഉമ്മൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, മുതിർന്ന നേതാക്കൾ തമ്മിലടിക്കാതിരുന്നാലേ കോൺഗ്രസ് രക്ഷപ്പെടൂവെന്ന് ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. നേതാക്കൾ തമ്മിലടിക്കാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ് ആർ.എസ്.പി. ആവശ്യപ്പെടുന്നത്. ഉഭയകക്ഷി ചർച്ച വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന് കത്തു നൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് നേതൃയോഗത്തിൽ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് എ.എ. അസീസ് ട്വന്റിഫോറിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് വേളയിലും പിന്നീടും ആർ.എസ്.പി ഉയർത്തിയ ആവശ്യങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കാത്തതിനെ തുടർന്നാണ് അതൃപ്തി ഉയർന്നത്. വിഷയത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ആർ.എസ്.പി സംസ്ഥാന സമിതി യോഗത്തിലും വിമർശനമുയർന്നിരുന്നു. തുടർന്നാണ് തങ്ങളുയർത്തിയ ആവശ്യങ്ങൾ പരിഗണിക്കാതെ യു.ഡി.എഫ്. യോഗത്തിന് ഇനിയില്ലെന്ന നിലപാടിലേക്ക് ആർ.എസ്.പി എത്തിയത്.