HEAD LINES Kerala

ഒരു ഗ്രൂപ്പിലുമില്ല, പുതുപ്പള്ളിയുടെ വളർച്ചയും വികസനവുമാണ് ആഗ്രഹമെന്ന് ചാണ്ടി ഉമ്മൻ

താൻ ഒരു ഗ്രൂപ്പിലുമില്ലെന്ന് പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും അയർക്കുന്നത്ത് ഒരു പാലവുമാണ് ആഗ്രഹമെന്നും അദ്ദേഹം 24നോട് പ്രതികരിച്ചു. മണ്ഡല പര്യടനത്തിനു മുന്നോടിയായായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. (chandy oommen puthuppally development)

അപ്പയുടെ ഒരു പ്രൊജക്ടാണ് പ്രധാനപ്പെട്ട സ്വപ്നം. എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി അത് മുന്നോട്ടുപോയിട്ടില്ല. അതുകൊണ്ട് അതെത്ര പ്രാക്ടിക്കലാണെന്നറിയില്ല. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യമാക്കണം. അതിന് സർക്കാരിൻ്റെ പിന്തുണ വേണം. അയർക്കുന്നത്ത് ഒരു പാലം. അതും ഏഴ് വർഷമായി. അതിനും സർക്കാരിൻ്റെ പിന്തുണ വേണം.പുതുപ്പള്ളിയുടെ വളർച്ചയും വികസനവുമാണ് ആഗ്രഹം.

ഇന്ന് ഒരു ദിവസത്തെ നടപ്പാണ്. ഓട്ട പ്രദക്ഷിണം. പക്ഷേ, എട്ട് പഞ്ചായത്തിലും ഓരോ ദിവസം വച്ച് എട്ട് ദിവസം നടന്ന് സന്ദർശനം ആലോചിക്കുന്നുണ്ട്. അതിൻ്റെ പ്രചോദനം ഭാരത് ജോഡോ യാത്രയാണ്. ഞാൻ കോൺഗ്രസിൻ്റെ ചേരിയിലാണ്. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിലാണ്. ഒരു ഗ്രൂപ്പിലുമില്ല. എല്ലാവരുമായും ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി സെൻ്റ് ജോർജ് ഓത്തഡോക്സ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ചാണ്ടി ഉമ്മൻ പര്യടനം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.

തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. നിയമസഭ വീണ്ടും ചേരുന്ന ദിവസം രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. 11 തീയതിയാണ് നിയമസഭ സമ്മേളിക്കുന്നത്.

അതേസമയം, പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ മണർകാട് നടന്ന സംഘർഷങ്ങളിൽ പൊലീസ് നടപടി തുടരുകയാണ്. ഇന്നും പൊലീസ് സുരക്ഷ മണർകാട് കവലയിൽ ഉണ്ടാകും. സംഭവത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ ചാണ്ടി ഉമ്മൻ ആശുപത്രിയിലെത്തി സന്ദർശിച്ചു.

37,719 വോട്ടുകൾക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്കെത്തുന്നത്. കന്നിയങ്കത്തിൽ അഭിമാന വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎൽഎ കൂടിയായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ.

മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ മീനടത്തും അയർക്കുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണർകാട് ഒഴികെ പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടിയിരുന്നു. എന്നാൽ ഇത്തവണ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടി.