മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ന്യുമോണിയ ചികിത്സയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടന്നുവെന്ന് മകന് ചാണ്ടി ഉമ്മന്‍. പല രേഖകളും ഇതിനായി വ്യാജമായി നിര്‍മിക്കപ്പെട്ടുവെന്ന ഗുരുതരമായ ആരോപണം ചാണ്ടി ഉമ്മന്‍ ഉന്നയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തെക്കുറിച്ച് മകനെന്ന നിലയില്‍ തനിക്ക് പൂര്‍ണമായ ശ്രദ്ധയും കരുതലുമുണ്ടെന്ന് പറഞ്ഞ ചാണ്ടി ഉമ്മന്‍ പിതാവിന്റെ ചികിത്സയ്ക്കായി മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. (
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാവിവരങ്ങള്‍ സമയമാകുമ്പോള്‍ പുറത്തുവിടുമെന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. എല്ലാ മെഡിക്കല്‍ രേഖകളും തന്റെ പക്കലുണ്ട്. വ്യാജ ഡോക്യുമെന്റ് നിര്‍മിച്ച് തന്റെ കുടുംബത്തോട് ക്രൂരത കാണിച്ചിരിക്കുന്നു. ആരോഗ്യം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു. പുതുപള്ളിയില്‍ നിന്നടക്കം നൂറുകണക്കിനാളുകള്‍ വന്നു. അതിന്റെ ഭാഗമായാണ് അദ്ദേഹം ന്യൂമോണിയ ബാധിതനായത്. വ്യാജവാര്‍ത്തകള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പൊലീസിനോട് നിര്‍ദേശിക്കട്ടേ. വ്യാജപ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം വൈകാതെ താന്‍ വെളിപ്പെടുത്തുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെയാണ് ബംഗളൂരുവിലേക്ക് മാറ്റുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എഐസിസി സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ എത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയുടെ തുടര്‍ ചികിത്സയുടെ മുഴുവന്‍ ചെലവും കോണ്‍ഗ്രസ് ഏറ്റെടുക്കും. നാളെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് എഐസിസി സജ്ജമാക്കിയ ചാര്‍ട്ടേഡ് വിമാനത്തിലാകും ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുക.