Kerala

കാട്ടാനകളുടെ പുതിയ തലവനായി ചക്കക്കൊമ്പൻ

അരികൊമ്പൻ ചിന്നക്കനാലിൽ നിന്ന് പോയതോടെ കാട്ടാനകളുടെ പുതിയ തലവനായി ചക്കക്കൊമ്പൻ. അരിക്കൊമ്പന്റെ സാമ്രാജ്യത്തിൽ അവനങ്ങനെ രാജാവായി വിലസുകയാണ്. സിമന്റ് പാലത്തെ റോഡരികിൽ കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്പനുണ്ടായിരുന്നു. 

പ്രായം കൊണ്ടും തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്പൻ. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ ചിന്നക്കനാലിലെ കാട്ടാനകളുടെ സാമ്രാജ്യം കയ്യടക്കിയിരുന്നത് അരികെമ്പനായിരുന്നു. തലവൻ പോയതോടെ നേതൃസ്ഥാനം ചക്കക്കൊമ്പൻ സ്വമേധയാ ഏറ്റെടുത്തിരിക്കുന്നു. അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമൻറു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിൽ നിന്നും ഇന്നലെ ചില ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ദൃശ്യത്തിൽ റോഡരികിൽ നിന്ന് 100 മീറ്റർ പോലും അകലെയല്ല ചക്കകൊമ്പനും സംഘവും നിലയുറപ്പിച്ചതെന്ന് മനസിലാകും. ഒരു പിടിയാനയും രണ്ട് കുട്ടിയാനകളും കൊമ്പനൊപ്പം ഉണ്ട്. എല്ലാവരും ചേർന്ന് ഇളം പുല്ല് പറിച്ച് തിന്ന് മേയുന്നു. ഇടക്ക് ശബ്ദം കേൾക്കുമ്പോൾ റോഡിലേക്ക് നോക്കിയും മണം പിടിച്ചും ഒപ്പമുണ്ടായിർവർക്ക് സംരക്ഷണം ഒരുക്കും.

നിമിഷനേരം കൊണ്ട് പാഞ്ഞടുക്കുന്ന കൊമ്പനെ ഭയന്നാണ് വേണം നാട്ടുകാരുടെ യാത്ര. കഴിഞ്ഞ നാലു ദിവസമായി ഈ കാട്ടാനക്കൂട്ടം ഇവിടെത്തന്നെയുണ്ട്. ദൗത്യത്തിനു രണ്ടു ദിവസം മുമ്പാണ് മദപ്പാടിലായ ചക്കക്കൊമ്പൻ ഈ കൂട്ടത്തിനൊപ്പമെത്തിയത്. അരിക്കൊമ്പനെ മയക്കു വെടിവച്ച ദിവസവും ഇവനിവിടുണ്ടായിരുന്നു. ഇതേ കൂട്ടം കഴിഞ്ഞദിവസം ഒരു ഷെഡ്ഡ് തകർക്കുകയും ചെയ്തതാണ്.