Kerala

നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘം

നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ നിപ വ്യാപനത്തിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെ കേരളത്തിലേക്ക് അയയ്ക്കും. പൂണെ വൈറോളജിയില്‍ നിന്നുള്ള സംഘം സംസ്ഥാനത്ത് എത്തുന്നുണ്ട്. പ്രാദേശികമായി വവ്വാലുകളെ പിടികൂടി പഠനം നടത്തണമെന്നും കേന്ദ്ര സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നിപ ബാധിച്ച് പന്ത്രണ്ടുവയസുകാരന്‍ മരിച്ചതിന് പിന്നാലെ കേന്ദ്രസംഘം ഇന്നലെ ചാത്തമംഗലത്ത് എത്തിയിരുന്നു. മരിച്ച കുട്ടിയുടെ വീട്ടിലും പരിസര പ്രദേശങ്ങളിലും സംഘം പരിശോധന നടത്തി. കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി വീട്ടുകാര്‍ സംഘത്തോട് വ്യക്തമാക്കിയിരുന്നു. വവ്വാല്‍ കടിച്ച റമ്പൂട്ടാനാണോ കുട്ടി കഴിച്ചതെന്നതടക്കം പരിശോധിച്ചുവരികയാണ്.