Kerala

പൊതുമേഖല സ്ഥാപനമായ ബെമൽ സ്വകാര്യവത്കരിക്കാൻ നീക്കം; തൊഴിലാളികൾ സമരത്തിലേക്ക്

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ബെമൽ സ്വകാര്യ മേഖലക്ക് കൈമാറാൻ നീക്കം. 26 ശതമാനം ഷെയർ വാങ്ങാൻ താൽപര്യം ഉള്ള കമ്പനികളിൽ നിന്നും താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബെമൽ തൊഴിലാളികൾ സമരം തുടങ്ങി.

പ്രതിരോധ വകുപ്പിന് ആവശ്യമായ വാഹനങ്ങൾ, മെട്രോ കോച്ചുകൾ തുടങ്ങി രാജ്യത്തിന് ആവശ്യമായ നിരവധി ഉൽപങ്ങൾ നിർമ്മിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമാണ് ബെമൽ. പാലക്കാട് കഞ്ചിക്കോട്, കർണ്ണാടകയിലെ ബാംഗളൂരു, മൈസൂർ, കോളാർ ഖനി എന്നീ 4 ബെമലാണ് രാജ്യത്തുള്ളത്. ഇത് സ്വകാര്യവത്കരിക്കനാണ് നീക്കം. നിലവിൽ 46 ശതമാനം ഷെയറും വിവിധ സ്വകാര്യ വ്യക്തികളുടെ കൈവശമാണ് ഉള്ളത്. കേന്ദ്ര സർക്കാറിന്റെ 54 ശതമാനം ഷെയറിൽ നിന്നും 26 ശതമാനവും സ്വകാര്യ കമ്പനികൾക്ക് നൽകാനാണ് തീരുമാനം. സ്വകാര്യ കമ്പനികളിൽ നിന്നും മാത്രമാണ് താൽപര്യപത്രം ക്ഷണിച്ചത്. മാർച്ച് ഒന്നിന് മുൻമ്പ് താൽപര്യ പത്രം നൽകണം.

3600 കോടി വിറ്റ് വരവുള്ള ബെമലിന് കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 66 കോടി രൂപയുടെ ലാഭം ഉണ്ട്. നിലവിൽ 15000 കോടി രൂപയുടെ ഓഡറുള്ള സ്ഥാപനമാണ് സ്വകാര്യ മേഖലക്ക് നൽകുന്നത്. ഇതിനെതിരെ രാജ്യത്തെ 4 ബെമലിലും തൊഴിലാളി സമരം തുടങ്ങി. കഞ്ചിക്കോട് ബെമലിൽ തൊഴിലാളികൾ നടത്തിയ സമരം പി.കെ ശശി MLA ഉദ്ഘാടനം ചെയ്തു.