Kerala

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നു ; തമിഴ്നാടിനോട് വിശദീകരണം തേടി കേന്ദ്ര ജലകമ്മിഷൻ

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് തമിഴ്നാടിനോട് വിശദീകരണം തേടി കേന്ദ്ര ജലകമ്മിഷൻ. കേരളം ഉന്നയിച്ച ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്നതിനെതിരെയാണ് കേരളം പരാതി നൽകിയത്. വസ്തുതുതാ വിശദീകരണം നൽകാൻ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നിർദേശിച്ച് ജലകമ്മിഷൻ. അണക്കെട്ടുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെ ബാധിക്കുന്ന തരത്തിലാണ് തമിഴ്‌നാടിന്റെ നീക്കം.

അതേസമയം മുല്ലപ്പെരിയാർ ഡാമിൻെറ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ തമിഴ്നാടിനെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ആശങ്കയറിച്ചത്. മുന്നറിപ്പില്ലാതെയാണ് രാത്രിയിലും അതിരാവിലെയുമായി ഷട്ടറുകൾ തുറന്നത്. ഇത് നദീതീരത്ത് താമസിക്കുന്ന ജനങ്ങളെ ദുരിത്തിലാക്കി.

വേണ്ടത്ര മുന്നറിപ്പ് നൽകിയും കൂടിയാലോചനക്ക് ശേഷവും ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പകൽ മാത്രമേ ഷട്ടറുകൾ തുറക്കാവൂ. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാൻ അയൽ സംസ്ഥാനങ്ങളെന്ന നിലയിൽ യോജിച്ചുള്ള പദ്ധതികൾ ആവശ്യമെന്നും കത്തിൽ മുഖ്യമന്ത്രി പറയുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെ അർധ രാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇന്ന് പുലർച്ചെയും ഇതേ രീതിയിൽ തമിഴ്നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടിരുന്നു.

സെക്കൻഡിൽ 8000 ഘനയടിയിലധികം വെള്ളമാണ് രാത്രിയുടെ മറവിൽ തമിഴ്നാട് പെരിയാറിലേക്ക് ഒഴുക്കിയത്. ഈ സീസണിൽ ഏറ്റവും കുടുതൽ വെള്ളം തുറന്നു വിട്ടത് കഴിഞ്ഞ രാത്രിയിലാണ്. ഇത് പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറാൻ കാരണമായി. വൻ പ്രതിഷേധവുമായി ജനങ്ങൾ റോഡിലിറങ്ങുകയും ചെയ്തു.