കാസർഗോഡ് കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തം. രാത്രി പതിനൊന്ന് മണിക്ക് ശേഷം വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് പുതിയ സർക്കുലർ. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമാണെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം.
സർവകലാശാല ഹോസ്റ്റലിന് പുറത്തും, ക്യാമ്പസിലുമാണ് വിദ്യാർത്ഥികൾക്ക് രാത്രികാലയാത്ര നിരോധനം ഏർപ്പെടുത്തിയത്. രാത്രി പതിനൊന്ന് മണിക്ക് ശേഷം ക്യാമ്പസിലേക്ക് പ്രവേശിക്കരുതെന്നാണ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം. എന്നാൽ പരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ പഠനത്തെയും കലാലയ ജീവിതത്തെയും ബാധിക്കുന്ന പുതിയ നിയന്ത്രണം ഒഴിവാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
രാത്രികാല നിയന്ത്രണം പുറത്ത് താമസിക്കുന്ന വിദ്യാർത്ഥികളെയാണ് ഏറെ ബാധിക്കുന്നത്. വിഷയത്തിൽ ഇതിനകം വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം, പ്രത്യേക അനുമതിയോടെ ഗവേഷക വിദ്യാർത്ഥികൾക്ക് നിയന്ത്രണത്തിൽ ഇളവു നൽകുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. എന്നാൽ നിയന്ത്രണം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.