Kerala

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന്‍റെ ഉത്തരവാദിത്ത്വം കമ്പനികള്‍ക്ക് തന്നെയാണെന്ന് കേന്ദ്രമന്ത്രി

ഒടിടി (ഓവര്‍ ദി ടോപ്പ്) പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന്‍റെ ഉത്തരവാദിത്ത്വം അതാത് കമ്പനികള്‍ക്ക് തന്നെയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കഴിഞ്ഞ മാസം പുറത്തിറക്കിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കു മേല്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളെ ന്യായീകരിച്ചാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. നിയമമനുസരിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അതിന്‍റെ ഉള്ളടക്കം കാഴ്ചക്കാരുടെ പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കണം.

ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കം ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം കൊണ്ടുവന്നത്.

നിയന്ത്രണത്തിന്‍റെ ഭാഗമായി കഴിഞ്ഞമാസം ആമസോണ്‍ പ്രൈമിന്‍റെ എക്‌സിക്യൂട്ടീവുകളെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കം നല്‍കിയെന്ന കാരണം പറഞ്ഞു മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ ആമസോണ്‍ മാപ്പ് പറഞ്ഞു തലയൂരുകയായിരുന്നു.

കമ്പനികള്‍ക്ക് വീഡിയോ നിര്‍മിക്കാനുള്ള പൂര്‍ണമായ സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട് അതേപോലെ തന്നെ അതിനെതിരേ പരാതി നല്‍കാനുമുള്ള സ്വാതന്ത്ര്യവുമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.