പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇന്ത്യ മുന്നണിയുടെ കത്തിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. നിയമവും ചട്ടവും അനുസരിച്ചുള്ള എല്ലാ നടപടികളും പിന്‍തുടര്‍ന്നാണ് സമ്മേളനം വിളിച്ചതെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്ഹാദ് ജോഷി മറുപടി നല്‍കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാര്യോപദേശക സമിതി വിളിയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിയ്ക്കുന്നതിന് മുന്‍പ് പാലിച്ചിട്ടില്ലെന്നായിരുന്നു സോണിയ ഗാന്ധി കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നത്. പാര്‍ലമെന്റ് നടപടികളെ തടസപ്പെടുത്തുന്ന തരത്തിലും തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുമാണ് പ്രതിപക്ഷത്തിന്റെ കത്തെന്ന് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഏറ്റവും ദൗര്‍ഭാഗ്യകരം എന്ന് എടുത്ത് സൂചിപ്പിച്ചായിരുന്നു വിമര്‍ശനങ്ങള്‍. കേന്ദ്രത്തിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഒരു അവ്യക്തതയും നിലവിലില്ലെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യത്തിന്റെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ കേന്ദ്രം അറിയിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ജി 20 ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ് അഭ്യൂഹം പ്രചരിപ്പിക്കുന്നത്. ഒരു കാലത്തും കോണ്‍ഗ്രസിന് ഭാരത് എന്ന പേരിനോട് കോണ്‍ഗ്രസിന് അനുകൂലമായ നിലപാടല്ലെന്ന് കേന്ദ്രമന്ത്രി വിമര്‍ശിച്ചിരുന്നു.