Kerala

കിഴക്കമ്പലം സംഘർഷം: ഗൗരവമായി പരിശോധിക്കാൻ കേന്ദ്ര എജൻസികൾ

കിഴക്കമ്പലം സംഘർഷം ഗൗരവമായി പരിശോധിക്കാൻ കേന്ദ്ര എജൻസികൾ. കേന്ദ്രസംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സഹായം കൂടി തേടിയാകും അന്വേഷണം. കലാപം ഉണ്ടാക്കാൻ ആസൂത്രിതമായി നടന്ന നീക്കം ആണോ എന്നതടക്കം പരിശോധിക്കും. അതിഥി തൊഴിലാളികൾ കൂട്ടത്തോടെ കഴിയുന്ന മേഖലയിൽ ദേശവിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘടനകളുടെ സ്വാധീനം വർധിക്കുന്നതായാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. കിറ്റക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഇവരിൽ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടായി. തർക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പിൻമാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിച്ചു. ഒരു വാഹനം പൂർണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു.