പെരിയ ഇരട്ടക്കൊല കേസിലെ അന്വേഷണ വിവരങ്ങളടങ്ങിയ കേസ് ഡയറി ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന സി.ബി.ഐയുടെ തൽസ്ഥിതി റിപ്പോർട്ട് സര്‍ക്കാരിന് തിരിച്ചടിയാവുന്നു. സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുന്നത് ഉന്നതരെ രക്ഷിക്കാനാണെന്ന ബന്ധുക്കളുടെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ട്. പ്രതികളെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും പൊലീസും സര്‍ക്കാരും നടത്തുന്ന ഒത്തുകളി വെളിപ്പെട്ടെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കൾ.
പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ അന്വേഷണത്തിന്‍റെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സി.ബി.ഐ റിപ്പോർട്ട് നൽകിയത്. കൊലയിൽ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന് തുടക്കത്തിൽ തന്നെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊലയാളികളെ സംരക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്ന് കൃപേഷിന്റെ അച്ഛൻ പറഞ്ഞു.
കേസ് അനിശ്ചിതാവസ്ഥയിൽ നിർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. നീതി തരേണ്ട സർക്കാര്‍ തന്നെ അത് നിഷേധിക്കുകയാണ്. ഇനി നീതി തേടി എവിടെ പോവുമെന്ന് ശരത് ലാലിന്റെ അച്ഛൻ ചോദിക്കുന്നു. സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് സി.പി.എമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. 2019 ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.