നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികളുടെ ഭാഗമായി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് കേസ് പരിഗണിക്കും. ദിലീപ് ഇന്നും കോടതിയിൽ ഹാജരാകില്ല. കേസിലെ മുഴുവൻ രേഖകളും നൽകണ മെന്ന ദിലീപിന്റെ ഹരജിയും മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയുൾപ്പടെയുള്ള ഹരജികളുമാണ് കോടതി പരിഗണിക്കുക.
നടിയെ അക്രമിച്ച കേസിൽ വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഒന്നാം പ്രതി പൾസർ സുനിയടക്കം 8 പ്രതികളായിരുന്നു കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നത്. 8-ാം ദിലീപ് വിദേശത്തായതിനാൽ ഹാജരാകുന്നതിന് അവധി അപേക്ഷ നൽകിയിരുന്നു. നിലവിൽ കോടതിക്ക് മുന്നിലുള്ള ഹരജികളിൽ തീർപ്പ് കൽപ്പിക്കേണ്ടതിനാൽ വിചാരണയുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ ഇന്നുണ്ടാവില്ല. അതിനാൽ വിദേശത്ത് നിന്നെത്തിയെങ്കിലും ദിലീപ് ഇന്നും കോടതിയിൽ ഹാജരാവില്ല. നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുള്ള അപേക്ഷയും വിചാരണ കോടതിയിൽ ദിലീപ് സമർപ്പിച്ചേക്കും.
കേസിൽ 12 പ്രതികളാണുണ്ടായിരുന്നത് .ഇതിൽ രണ്ട് അഭിഭാഷകരെ ഹൈക്കോടതി പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. ശേഷിക്കുന്ന പത്ത് പ്രതികളിൽ ദിലീപുൾപ്പെടെ 5 പേർ ഇപ്പോൾ ജാമ്യത്തിലാണ്. സുപ്രിം കോടതി ആറ് മാസത്തിനകം വിചാരണ നടപടി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിചാരണ കോടതി നടപടികൾ വേഗത്തിലാക്കുന്നത്.