Kerala

കേരള കത്തോലിക്ക മെത്രാൻ സമിതി പ്രത്യേക സമ്മേളനം ഇന്ന്; നാർക്കോട്ടിക് ജിഹാദ് വിവാദം ഉൾപ്പെടെ ചർച്ച ചെയ്യും

കേരള കത്തോലിക്ക മെത്രാൻ സമിതി പ്രത്യേക സമ്മേളനം ഇന്ന്. നാർക്കോട്ടിക് ജിഹാദ് വിവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനാണ് യോഗം. കർദിനാൾ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ ഉൾപ്പെടെയുള്ള മേലധ്യക്ഷന്മാർ പങ്കെടുക്കും. (catholic meeting narcotic jihad)

കേരളത്തിലെ ദലിത് വിഭാഗത്തിൽപ്പെട്ടവരും കർഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വേണ്ടിയാണ് യോഗം ചേരുന്നതെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. എന്നാൽ, പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സഭകൾക്കിടയിൽ ഉണ്ടായ അഭിപ്രായ ഭിന്നത യോഗം ചർച്ച ചെയ്യും. വിഷയത്തിൽ അഭിപ്രായ ഐക്യത്തിന് സഭാ നേതൃത്വം ശ്രമം നടത്തുന്നുണ്ട്.

നാർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭ്യർത്ഥിച്ചിരുന്നു. വിവാദങ്ങൾ അവസാനിപ്പിക്കണം. പരസ്പര സ്നേഹത്തിൽ മുന്നേറണമെന്നും വിഷയത്തിൽ സമാധാന ശ്രമങ്ങളോട് സഹകരിക്കാമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതികരിച്ചു.

എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവരോട് സഹകരിച്ചു മുന്നോട്ട് പോകണം എന്നുമാണ് സഭയുടെ കാഴ്ചപ്പാട്. സമൂഹത്തിൽ സംഘർഷം ഉണ്ടാക്കാൻ ക്രൈസ്തവ സഭകളോ സഭ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. ഈ നിലപാടിൽ നിന്ന് മാറാതിരിക്കാൻ സഭാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആലഞ്ചേരി നിർദേശിച്ചു.

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. ഇസ്ലാം മതത്തിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമില്ല. സമാധാനമാണ് ഉദ്ദേശിക്കുന്നത്. വ്യക്തികളിൽ തെറ്റുകൾ കാണാം. തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരാണ് ഇസ്ലാം മതം അതിനാൽ ഭിന്നിപ്പിച്ച് കലഹമുണ്ടാക്കരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ വേണ്ടത് മധ്യസ്ഥ ചർച്ചയല്ലെന്നും തെറ്റായ പ്രസ്താവന പിൻവലിക്കുകയാണ് ചെയ്യേണ്ടതെന്നും പറഞ്ഞ അദ്ദേഹം സർക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അഭിപ്രായപ്പെട്ടു.

ലവ് ജിഹാദിന് മതപരമായ പിൻബലമില്ലെന്നും സമുദായ നേതാക്കളുടെ പരാമർശം ജനമൈത്രി തകർക്കുന്നതാവരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. ഇസ്ലാമിൽ മതം മാറ്റാൻ ജിഹാദില്ലെന്ന് സമസ്ത അഭിപ്രായപ്പെട്ടു.