വ്യാജ രേഖാ കേസില്‍ സിറോ മലബാര്‍ സഭക്കു പിന്നാലെ നിലപാട് കടുപ്പിച്ച് കര്‍ദിനാള്‍ അനുകൂല സംഘടനയായ കാത്തലിക് ഫോറവും രംഗത്ത് . കേസില്‍ സമവായത്തിന് സാധ്യതയില്ലന്നും കുറ്റവാളികള്‍ പുറത്ത് വരണമെന്നുമാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നതെന്നും കാത്തലിക് ഫോറം വ്യക്തമാക്കി. അതേ സമയം കേസില്‍ പ്രതികളായ വൈദികരെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
വ്യാജ രേഖാ കേസില്‍ സമവായ സാധ്യതകളാരാഞ്ഞ് ഹൈക്കോടതി അഭിപ്രായം തേടിയതിന് പിന്നാലെയാണ് വിട്ടു വീഴ്ചക്ക് തയ്യാറല്ലന്നറിയിച്ച് ഇന്ത്യന്‍ കാത്തലിക് ഫോറം രംഗത്ത് വന്നിരിക്കുന്നത്.
സഭാ അധ്യക്ഷന്മാരെ അപമാനിക്കുന്ന കേസില്‍ കുറ്റവാളിള്‍ പുറത്ത് വരണമെന്നാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നതെന്നും സമവായ നീക്കങ്ങള്‍ നിന്ദ്യമാണെന്നുമാണ് കാത്തലിക് ഫോറം വ്യക്തമാക്കിയിരിക്കുന്നത്. കോടതി ഏത് സാഹചര്യത്തിലാണ് സമവായ സാധ്യത ആരാഞ്ഞതെന്ന് മനസിലാവുന്നില്ലെന്നും കുറ്റവാളികള്‍ പുറത്ത് വന്നതിന് ശേഷം മാത്രമേ മറ്റ് മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടതുള്ളുവെന്നും കാത്തലിക് ഫോറം പറയുന്നു.
ബിഷപ്പ് ജേക്കബ് മനത്തേടത്ത്, ഫാ.പോള്‍ തേലക്കാട്ടില്‍ തുടങ്ങിയവര്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവെയാണ് സമവായ സാധ്യത ആരാഞ്ഞ് കോടതി അഭിപ്രായം ചോദിച്ചത്. എന്നാല്‍ കേസ് പിന്‍വലിക്കില്ലന്നും സമവായം സംബന്ധിച്ച് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണന്നും സഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം കേസിലെ ഒന്നാം പ്രതി ഫാ.പോള്‍ തേലക്കാടിനെയും നാലാം പ്രതി ഫാ.ടോണി കല്ലൂക്കാരനെയും പൊലീസ് ഇന്നും ചോദ്യം ചെയ്യും. തുടര്‍ച്ചയായ ഏഴ് ദിവസങ്ങളിലായി വൈദികരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്.