India Kerala

നടീനടന്‍മാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കി പണം തട്ടുന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം

നടീ-നടന്മാരെ ആവശ്യപ്പെട്ട് സംവിധായകനെന്ന പേരില്‍ പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം. വേങ്ങാലി സ്വദേശിനി സൈനബ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വനിതാ സെല്‍ എസ്.ഐയാണ് കേസ് അന്വേഷിക്കുന്നത്. മകളെ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തുവെന്നാണ് പരാതി.

സിനിമയിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടന്ന് പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്ന സംഭവം മീഡിയവണ്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് പൊലീസില്‍ പരാതി എത്തിയത്. സംവിധായകനാണെന്ന് പറഞ്ഞ് ഗായകനെന്ന് പരിചയപ്പെടുത്തിയാള്‍ പണം തട്ടിയെന്ന പരാതിയുമായി കോഴിക്കോട് വേങ്ങാലി സ്വദേശിനി സൈനബയാണ് പൊലീസിനെ സമീപിച്ചത്. മകള്‍ക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.

വനിതാ സെല്‍ എസ്.ഐ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഗായകനെന്ന പേരില്‍ പരിചയപ്പെടുത്തിയാള്‍ കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയിട്ടുണ്ടന്ന് മനസിലാക്കിയിട്ടുണ്ട്. മറ്റ് ചിലരും സമാന രീതിയില്‍ കോഴിക്കോട് തട്ടിപ്പ് നടത്തിയിട്ടുണ്ടന്നാണ് വിവരം. വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.