ശബരിമല വിഷയത്തിൽ നടന്ന പ്രക്ഷോഭങ്ങളുടേയും ഹർത്താലുകളുടേയും പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്‍റയും മുൻ പി.എസ്.സി ചെയർമാൻ കെ.എസ്. രാധാകൃഷ്‌ണന്റെയും ആവശ്യത്തെ സർക്കാർ ഹൈകോടതിയിൽ എതിർത്തു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് കീഴ് കോടതികളിൽ സമർപ്പിച്ചതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
5 കേസുകൾ ഹരജിക്കാർക്കെതിരെയുണ്ട്. ഇത് റദ്ദാക്കാനായി ഒരു ഹരജി മാത്രം നൽകിയിരിക്കുന്നത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഹരജിക്കാരുടെ ആവശ്യത്തിൽ ഇപ്പോൾ തീരുമാനം എടുക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് കേസ് വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.
യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ജനുവരി രണ്ടിനുണ്ടായ ആക്രമണങ്ങളിലും മൂന്നാം തീയതിയിലെ ഹർത്താലിനെത്തുടർന്നുള്ള ആക്രമണങ്ങളിലുമാണ് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തത്. ശബരിമല വിഷയത്തിൽ തങ്ങൾ ഹർത്താൽ ആഹ്വാനം ചെയ്തിട്ടില്ലെന്നും അക്രമ സംഭവങ്ങളിൽ പങ്കില്ലെന്നുമാണ് ഹരജിക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.