യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിലെ പ്രതി വിജയ് പി. നായർക്കെതിരെ ഐ.ടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. ഐ.ടി നിയമത്തിലെ 67, 67 (A) വകുപ്പുകളാണ് ചുമത്തുക. ഹൈടെക് സെൽ അഡീഷണൽ എസ്‍പിയുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് നടപടിക്കൊരുങ്ങുന്നത്.
യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ വിജയ് പി. നായർക്കെതിരെ ഐ.ടി നിയമം ചുമത്തുന്നതിന് തടസ്സമില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാണ് നിയമോപദേശം നൽകിയത്.
ഇത്തരം കുറ്റകൃത്യങ്ങളിൽ ചുമത്തുന്ന ഐടി നിയമത്തിലെ 67, 67 (A) വകുപ്പുകൾ വിജയ് പി നായർക്കെതിരെ ചുമത്താമെന്ന് ഹൈടെക് സെൽ അഡീഷണൽ എസ് പി മ്യൂസിയം പോലീസിനെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പാണിത്. ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാം. നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ ഇന്ന് തന്നെ ഐടി വകുപ്പ് ചുമത്തും.
കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് വിജയ് പി. നായർ സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്തത്. സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഡി.ജി.പിയ്ക്കും സിറ്റി പൊലീസ് കമ്മീഷണർക്കും നൽകിയ പരാതിയിൽ മ്യൂസിയം പോലീസ് ഇന്നലെ കേസെടുക്കുകയായിരുന്നു.
വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള കേസ് തമ്പാനൂർ പോലീസ് അന്വേഷിക്കുന്നത്. എന്നാൽ വിജയ് പി. നായർക്കെതിരെ ഈ കേസിൽ ജാമ്യമില്ല വകുപ്പ് ചുമത്താത്തതിൽ വിമർശനം ഉയർന്നിരുന്നു.
സമൂഹ മാധ്യമങ്ങളിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ഭാഗ്യക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശനെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.