Kerala

ഉണ്ണി മുകുന്ദനെതിരായ കേസിൽ വാദം മറ്റാന്നാൾ തുടരും; പരാതി ഉയരുന്നത് 6 വർഷങ്ങൾക്ക് മുൻപ്

ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദനെതിരായ കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ ഉണ്ണി മുകുന്ദനെതിരെയെടുത്ത കേസ് 2021 ൽ ഒത്തുതീർപ്പായെന്നാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ ഒത്തുതീർപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നാണ് പരാതിക്കാരി പറഞ്ഞത്. ഇതോടെയാണ് കേസ് വീണ്ടും ചർച്ചയായത്.

2017 ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. തിരക്കഥാ രചനയുടെ കോഴ്‌സ് പൂർത്തിയാക്കിയ വ്യക്തിയാണ് പരാതിക്കാരി. സംഭവ ദിവസം ഒരു സിനിമയുടെ കഥ പറയാൻ മുൻകൂർ അനുവാദം വാങ്ങി ഉണ്ണി മുകുന്ദന്റെ ഫ്‌ളാറ്റിൽ പരാതിക്കാരി എത്തി. എന്നാൽ കഥ കേൾക്കാൻ ഉണ്ണി മുകുന്ദൻ താത്പര്യം പ്രകടിപ്പിച്ചില്ല. ഒടുവിൽ തിരക്കഥ കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഫ്‌ളാറ്റിൽ നിന്ന് പുറത്തേക്കിറങ്ങാൻ തുനിഞ്ഞ യുവതിയെ ഉണ്ണിമുകുന്ദൻ ബലമായി കയറിപിടിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതി എതിർക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ഉണ്ണി മുകുന്ദൻ അവരെ വിട്ടയക്കുകയായിരുന്നു. തുടർന്ന് 2017 സെപ്റ്റംബർ 15ന് യുവതി പൊലീസിൽ പരാതി നൽകി. 2018 സെപ്റ്റംബർ 7ന് യുവതി കോടതിയിൽ നേരിട്ട് മൊഴിയും നൽകി.

പരാതിക്കാരിക്കെതിരെ മറുപരാതി നൽകിയാണ് ഉണ്ണി മുകുന്ദൻ പ്രതിരോധം തീർത്തത്. തന്റെ തിരക്കഥ അംഗീകരിച്ചില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നതായിരുന്നു ഉണ്ണി മുകുന്ദന്റെ ആദ്യ ആരോപണം. യുവതിക്ക് 25 ലക്ഷം രൂപ നൽകുകയോ, അല്ലെങ്കിൽ പരാതിക്കാരിയെ വിവാഹം കഴിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ അഭിഭാഷകൻ എന്നവകാശപ്പെടുന്ന വ്യക്തി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു. ഇത് സംബന്ധിച്ച് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഈ കേസ് പിന്നീട് ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് മാറ്റി. ഇതിനിടെ തന്റെ പേരും ചിത്രങ്ങളും പുറത്തുവിട്ടുവെന്ന് കാണിച്ച് യുവതി മറ്റൊരു പരാതി കൂടി നൽകിയിട്ടുണ്ട്.

നിലവിലെ സാഹചര്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന ഉണ്ണി മുകുന്ദനെതിരായ ഹർജിയിൽ രേഖകൾ സമർപ്പിക്കാൻ അനുമതി തേടിയിരിക്കുകയാണ് അഡ്വ. സൈബി ജോസ്. തന്റെ ഭാഗം അവതരിപ്പിക്കാൻ സമയം അനുവദിക്കണമെന്ന് ഹർജിക്കാരിയും വ്യക്തമാക്കിയിട്ടുണ്ട്. കേസ് മറ്റന്നാൾ കേൾക്കും.

കേസ് 2021 ൽ ഒത്തുതീർപ്പായെന്നാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ ഒത്തുതീർപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നാണ് പരാതിക്കാരി പറയുന്നത്. അതുകൊണ്ട് തന്നെ വിഷയത്തിൽ ഉണ്ണി മുകുന്ദനോടും അഭിഭാഷകനോടും വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ച രേഖകൾ തന്റെ കൈവശമുണ്ടെന്നും, അത് സമർപ്പിക്കാൻ സമയം നൽകണമെന്നുമാണ് അഡ്വ. സൈബി ജോസ് പറഞ്ഞത് . ഇതിന് കോടതി അനുവാദം നൽകി. തനിക്ക് കുറച്ചിധകം കാര്യങ്ങൾ കേസിൽ പറയാനുണ്ടെന്ന ആവശ്യം ഹർജിക്കാരിയും മുന്നോട്ടുവച്ചു. രണ്ടിലും വിശദമായ വാദം കേൾക്കാനാണ് കോടതി തീരുമാനം.