Kerala

സെൻകുമാറിനെതിരെ പോസ്റ്റർ പതിച്ച കേസ്:

മുൻ ഡി.ജി.പി സെൻകുമാറിനെതിരെ പോസ്റ്റർ പതിച്ച കേസില്‍ എസ്.ഡി.പി.ഐ നേതാക്കൾക്കെതിരെയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കി. നേമം പൊലീസ് സ്വമേധയാ എടുത്ത കേസാണ് ഒഴിവാക്കിയത്. രണ്ട് സമുദായങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ കുറ്റം തെളിയിക്കാന്‍ പൊലീസിനായില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇന്റലിജന്‍സ് മേധാവിയായിരുന്ന കാലത്ത് ടി.പി സെന്‍കുമാറിനെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു കേസ്. എ.ഡി.ജി.പി സെന്‍കുമാര്‍ ജാതി തിരുത്തി ജോലി നേടിയത് സി.ബി.ഐ അന്വേഷിക്കുക എന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. നസറുദ്ദീന്‍, മനോജ് കുമാര്‍, അഷ്റഫ് എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. എന്നാല്‍ പോസ്റ്റര്‍ പ്രചാരണത്തിലൂടെ സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചു, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് കേസിലെ നടപടികള്‍ റദ്ദാക്കിയത്.