സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്. തിരുവനന്തപുരം സ്വദേശി ആശിഖിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജസ്ല മാടശ്ശേരിയെയെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ ഫിറോസ് മോശം പരാമർശം നടത്തി എന്ന് ആശിഖ് പരാതിയിൽ ചൂണ്ടിക്കാട്ടി.
നേരത്തെ ഫിറോസിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഫിറോസ് കുന്നമ്പറമ്പിലിനെതിരെ എത്രയും വേഗം പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫെയ്ൻ ആവശ്യപ്പെട്ടിരുന്നു.
തന്റെ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെതിരെ ഒരുവിഭാഗം രംഗത്തുവന്നതിനിടെ ജസ്ല മാടശ്ശേരി നടത്തിയ പരാമർശത്തിനിടെ സംസാരിക്കവെയാണ് ഫിറോസ് കുന്നംപറമ്പിൽ മോശം വാക്കുകൾ ഉപയോഗിച്ചത്. ‘കുടുംബത്തിലൊതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ’ എന്നിങ്ങനെയാണ് ഫിറോസ് കുന്നമ്പറമ്പിൽ സാമൂഹ്യ മാധ്യമങ്ങളിലെ ലൈവ് വീഡിയോയിൽ പരാമർശിച്ചത്. പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ഫിറോസ് മാപ്പുപറഞ്ഞു.
ഒരു പെൺകുട്ടിയെ അധിക്ഷേപിക്കാൻ ‘സ്ത്രീ’ എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ആരോപിച്ചിരുന്നു.