സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം നടപ്പാക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഏകീകരിച്ച കുര്‍ബാന ക്രമം നവംബര്‍ 28 മുതല്‍ സഭാ പള്ളികളില്‍ നടപ്പാക്കുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
കാല് നൂറ്റാണ്ട് മുന്‍പ് സിനഡ് ചര്‍ച്ച ചെയ്ത് വത്തിക്കാന്‍ സമര്‍പ്പിച്ച ശുപാര്‍ശയായിരുന്നു സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍. എന്നാല്‍ പലവിധത്തിലുള്ള എതിര്‍പ്പുകളില്‍ തട്ടി തീരുമാനം വൈകുകയായിരുന്നു.സിനഡ് തീരുമാനം പിന്‍വലിച്ച് നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
ജൂലൈയിലാണ് സിറോ മലബാര്‍ സഭയില്‍ ആരാധനാക്രമം ഏകീകരിക്കാന്‍ തീരുമാനമായത്. ഒക്ടോബറില്‍ ആരാധനാക്രമം ഏകീകരിച്ച് ഉത്തരവിറങ്ങുകയും ചെയ്തു. ഈ മാസം 28ന് ഈ ഉത്തരവ് നടപ്പിലാക്കണമെന്നാണ് മാര്‍പാപ്പ മെത്രാന്മാര്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഈസ്റ്റര്‍ ദിനത്തിന് മുന്‍പ് എല്ലാ രൂപതകളിലും പുതിയ കുര്‍ബാന രീതി ഉണ്ടാകണമെന്നായിരുന്നു സിനഡ് നിര്‍ദ്ദേശം. സഭയുടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ ഉത്തരവ് പ്രകാരം കുര്‍ബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പാലാ, ഇടുക്കി ഉള്‍പ്പെടെയുള്ള ചില രൂപതകള്‍ ഈ ആരാധനാ രീതി നേരത്തെ തന്നെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.