കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. പയ്യന്നൂര്‍ – ചെറുപുഴ റോഡില്‍ മുണ്ടീറ്റുപാറയില്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ കാര്‍ റോഡില്‍ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലമായതിനാലും ഇരുട്ട് മൂടിയതിനാലും ഏറെ കഴിഞ്ഞാണ് അപകടത്തില്‍ പെട്ട കാര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വാഹനത്തിനുളളില്‍ നിന്നും ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പോലീസ് ഉദ്യോഗസ്ഥനെയും സ്ത്രീയെയും പുറത്തെടുത്തത്. സ്ത്രീയുടെ മുഖത്തും കാലിനും പരിക്കേറ്റിരുന്നു.
എന്നാല്‍ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അനുവദിക്കാതിരുന്നതും ക്രെയിന്‍ വിളിച്ച് പൊടുന്നനെ കാര്‍ ഉയര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതും നാട്ടുകാരില്‍ സംശയമുളവാക്കി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ഇതോടെയാണ് പയ്യന്നൂര്‍ സ്റ്റേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അപകടത്തില്‍ പെട്ട ആളെന്നും കൂടെ ഉണ്ടായിരുന്നത് വിദേശത്ത് ജോലി ചെയ്യുന്ന പ്രദേശ വാസിയായ ഒരാളുടെ ഭാര്യയാണന്നും മനസിലായത്.
സ്ത്രീയുടെതാണ് അപകടത്തില്‍ പെട്ട കാര്‍. സഹോദരനെ വിളിച്ച് വരുത്തി നാട്ടുകാര്‍ സ്ത്രീയെ ഇയാള്‍ക്കൊപ്പം പറഞ്ഞയച്ചു. പൊലീസിനൊപ്പം ഉദ്യോഗസ്ഥനും സ്ഥലം വിട്ടു. എന്തായാലും സംഭവത്തെ കുറിച്ച് രഹസ്യാന്വേക്ഷണ വിഭാഗം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.